കോഴിക്കോട്: പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും മെച്ചപ്പെട്ട ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്താൻ നടപടി. ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. ടി.പി. രാമകൃഷ്ണൻ എം.എൽ.എയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.
ജില്ലയുടെ മലയോര മേഖലകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇൻറർനെറ്റ് ലഭ്യത ഇല്ലാത്തതിനാൽ ഒട്ടേറെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം കിട്ടുന്നില്ല. 4500 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളില്ല. ഇത് പരിഹരിക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരും. ഓരോ വിദ്യാലയത്തിലും ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയോഗിക്കും. സാങ്കേതിക ഉപകരണങ്ങളുടെ സമാഹരണത്തിനും വിതരണത്തിനും നടപടിയുണ്ടാവും. കോളനികളിലെ കമ്യൂണിറ്റി ഹാളുകളിൽ ഒരുമിച്ചിരുന്ന് പഠിക്കാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങളൊരുക്കും.
മുൻ വർഷം ഒരുക്കിയ 766 കേന്ദ്രങ്ങളിൽ കേബിൾ കണക്ഷൻ പുനഃസ്ഥാപിക്കും. ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും ഇൻറർനെറ്റ് ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ കമ്പനികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കലക്ടർ സാംബശിവ റാവു അറിയിച്ചു.
കടൽക്ഷോഭത്തിൽ തകർന്ന തീരദേശത്തിെൻറ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നു. ആകെയുള്ള എട്ട് പ്രവൃത്തികളിൽ മൂന്നെണ്ണം പൂർത്തീകരിച്ചു. കാപ്പാട് - കൊയിലാണ്ടി റോഡ് നവീകരണത്തിന് 5.4 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. താമരശ്ശേരി ചുരം തുരങ്കപാതയുടെ പരിസ്ഥിതി ആഘാത പഠനം ആഗസ്റ്റ് ഒടുവിൽ പൂർത്തിയാകും.
കോവിഡ് മൂന്നാം തരംഗത്തിെൻറ മുന്നോടിയായി എല്ലാ ആശുപത്രികളിലും ശിശുരോഗ പരിചരണ വിഭാഗം ശക്തിപ്പെടുത്തും. ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണ ഭാഗമായി വില്ലേജ് ഓഫിസ് താൽക്കാലികമായി മാറ്റും. ഉള്ള്യേരി പഞ്ചായത്തിലെ പ്രശാന്തി ഗാർഡൻ ശ്മശാനം ജൂലൈയിൽ പൂർത്തിയാവും. വടകരയിൽ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചു. എം.എൽ.എമാരായ ഇ.കെ വിജയൻ, പി.ടി.എ റഹീം, അഡ്വ. കെ.എം. സച്ചിൻദേവ്, ലിേൻറാ ജോസഫ്, കെ.കെ രമ, ഡോ. എം.കെ മുനീർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, സബ് കലക്ടർ ജി. പ്രിയങ്ക, പ്ലാനിങ് ഓഫിസർ ടി.ആർ. മായ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.