കോഴിക്കോട്: വർഷങ്ങളായി അടഞ്ഞുകിടന്ന പാളയം സബ്വേ വീണ്ടും തുറക്കുന്നു. ഇത്തവണ ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ വേണ്ടി മാത്രമാവില്ലെന്നുമാത്രം. സബ്വേക്കകത്ത് കച്ചവടക്കാർക്കുള്ള ആറ് കിയോസ്കുകൾ ഉണ്ടാവും. വെള്ളം കയറി ചളിപുരണ്ട തറ വൃത്തിയാക്കി ടൈലുകൾ നിരത്തുന്ന പണിതുടങ്ങി. മേൽക്കൂരയും ലൈറ്റ് സംവിധാനവും ഒരുക്കും.
ഡല്‍ഹി പാലികാബസാര്‍ രീതിയില്‍ വാണിജ്യകേന്ദ്രമാക്കുകയാണ് ലക്ഷ്യം. കവാടത്തിൽ പഴയ ഇരുമ്പ് വാതിലും ഗ്രില്ലുകളും മാറ്റും. കാമറകളുമുണ്ടാവും. തൊട്ടടുത്ത ഓവുചാലിൽ വെള്ളം നിറഞ്ഞ് സബ്വേക്കകത്ത് വെള്ളം കയറുന്നുണ്ട്. ഇത് ഒഴിവാക്കാൻ മഴക്കാലത്ത് വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കും. ഒരുമാസത്തിനകം പണി തീരുമെന്നാണ് പ്രതീക്ഷ. നവീകരണം ഏറ്റെടുത്ത മാക്സോള്‍ ആഡ് സൊലൂഷന്‍സ് 10 കൊല്ലത്തേക്ക് സബ്വേ പരിപാലിക്കുമെന്നാണ് കരാർ. പാളയം ജങ്ഷനിലെ നാല് കവാടത്തിലുമുള്ള പരസ്യബോർഡുകളിൽ പരസ്യം െവക്കാനുള്ള അവകാശം കരാറുകാർക്ക് ലഭിക്കും. സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതടക്കം കമ്പനിയാണ് തീരുമാനിക്കുക. പരസ്യം െവക്കുന്നതിന് മാസം നിശ്ചിത സംഖ്യ കോർപറേഷന് നൽകണം.
1979-80 കാലത്ത് പണിപൂര്‍ത്തിയാക്കിയ സബ്വേ നഗരത്തിലെ പ്രധാന ആകർഷണമായി മാറിയിരുന്നു. മേലേ പാളയം, താഴെ പാളയം, കല്ലായ് റോഡ്, അന്നത്തെ ഏക ബസ്സ്റ്റാൻഡായിരുന്ന ജയന്തി ബില്‍ഡിങ്, മൊയ്തീന്‍പള്ളി റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള സബ്വേ സംസ്ഥാനത്തുതന്നെ ആദ്യത്തെ ഇത്തരം പദ്ധതിയായിരുന്നു. നഗരത്തിൽ ഏറ്റവുമധികം തിരക്കുള്ള ഈ കവലയിൽതന്നെയാണ് ആദ്യമായി ട്രാഫിക് സിഗ്നൽ ലൈറ്റും സ്ഥാപിച്ചത്. സിഗ്നൽ വിളക്കുകൾ ഇടക്കിടെ തകരാറിലായി ഗതാഗതക്കുരുക്കേറിയതോടെ പി.എം. അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് സബ്വേ നിര്‍മിക്കാൻ ധാരണയായത്. എന്നാൽ, പിന്നീട് ജങ്ഷൻ വീതികൂട്ടി സബ്വേയുടെ കവാടങ്ങൾ റോഡിന് നടുക്കായതോടെ അകത്ത് ആള് കയറാതെ സമൂഹവിരുദ്ധരുടെ താവളമായിത്തീർന്നു.
1996ല്‍ പൂട്ടിയ സബ്വേയുടെ രണ്ട് കവാടങ്ങൾ 2014 ഡിസംബറില്‍ തുറന്നെങ്കിലും വീണ്ടും പൂട്ടി. ആർട്ട് ഗാലറിയടക്കം പല സംവിധാനങ്ങളും ആലോചിച്ചെങ്കിലും ഒന്നും നടപ്പാവാതിരുന്ന അടിപ്പാതയിലാണ് ഇപ്പോൾ നവീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.