കോഴിക്കോട്: വർഷങ്ങളായി അടിച്ചിട്ട പാളയം സബ്വേ വീണ്ടും തുറക്കുന്നു. കോർപറേഷൻ ആഭിമുഖ്യത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ച് സാംസ്കാരിക ചത്വരമാക്കിയ സബ്വേ ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുറന്നുകൊടുക്കും.
മന്ത്രി അഹമ്മദ് ദേവർകോവിൽ വിശിഷ്ടാതിഥിയാവും. ചടങ്ങിന് ശേഷം ഗസലും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആർട് ഫെസ്റ്റ് സംഘടിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനൊപ്പം കച്ചവടക്കാർക്കുള്ള നാല് കിയോസ്ക്കുകളും മറ്റും സ്ഥാപിച്ച് ചെറിയ വാണിജ്യകേന്ദ്രമായാണ് മാറ്റം. കിഴക്ക് തെക്ക് ഭാഗത്തുള്ള കവാടത്തിൽ ലാൻഡ് സ്കേപ്പിങ്ങും നടത്തിയിട്ടുണ്ട്. വെള്ളം കയറി മലിനമായിക്കിടന്ന തറയിൽ ടൈലുകൾ നിരത്തി വൃത്തിയാക്കി. മേൽക്കൂര, ലൈറ്റ് സംവിധാനം സ്ഥാപിച്ചു. കവാടത്തിലെ പഴയ ഇരുമ്പ് വാതിലും ഗ്രില്ലും നന്നാക്കി. കാമറകളും സ്ഥാപിച്ചു.
അകത്ത് ചുമരിൽ ചിത്രങ്ങളും ഒരുക്കി. 10 കൊല്ലത്തേക്ക് സബ്വേ പരിപാലിക്കാൻ 'മാക് സോള്‍ ആഡ് സൊല്യൂഷന്‍സ്' എന്ന കമ്പനിക്കാണ് കോർപറേഷൻ കരാർ നൽകിയത്. ജങ്ഷനിൽ നാല് കവാടത്തിലും പരസ്യംവെക്കാനുള്ള അവകാശം കരാറുകാർക്ക് കിട്ടും. സുരക്ഷ ജീവനക്കാരെയും കമ്പനി നിയോഗിക്കും. മാസം നിശ്ചിത സംഖ്യ പരസ്യം വെക്കുന്നതിന് കോർപറേഷന് നൽകണം. 1979-80 കാലത്താണ് നഗരത്തിൽ പുതുമ സൃഷ്ടിച്ച് സബ്വേ തുറന്നത്. സംസ്ഥാനത്തെ ആദ്യത്തെ സബ്വേയായിരുന്നു.
മാവൂർ റോഡിൽ മൊഫ്യൂസിൽ സ്റ്റാൻഡ് വരികയും ജങ്ഷൻ വീതികൂട്ടുകയും ചെയ്തതോടെ സബ്വേ റോഡിന് നടുവിൽ തടസ്സമായി മാറി. ഇതോടെ ഉപയോഗം കുറഞ്ഞ് 1996 ല്‍ പൂട്ടിയ സബ്വേ 2014 ഡിസംബറില്‍ ഭാഗികമായി തുറന്നെങ്കിലും താമസമില്ലാതെ പൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.