പയ്യോളി: അറബിക്കടലും കുറ്റ്യാടിപ്പുഴയും സംഗമിക്കുന്ന പ്രകൃതിരമണീയമായ കോട്ടക്കടപ്പുറം അഴിമുഖം വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകളാണ് വിളിച്ചോതുന്നത്. തീരത്ത് പച്ചപ്പ് അണിഞ്ഞുനിൽക്കുന്ന കണ്ടൽക്കാടുകളും ഇടതൂർന്ന് വളർന്ന അക്കേഷ്യമരങ്ങളുമടങ്ങുന്ന നീളൻ തുരുത്തുകളാണ് ഇവിടത്തെ പ്രധാന ആകർഷണീയത.
പുഴയെ പുൽകുന്ന തിരമാലകളുടെ ആർത്തിരമ്പലുകൾ നയനാനന്ദകരമായ അപൂർവ കാഴ്ചകളിലൊന്നാണ്. പയ്യോളി നഗരസഭയുടെ വടക്കേ അതിർത്തിയായ കൊളാവിപ്പാലത്താണ് പ്രകൃതിമനോഹാരിത തുളുമ്പുന്ന മിനി ഗോവയെന്ന് സഞ്ചാരികൾ പേരിട്ട് വിളിക്കുന്ന നീളൻ കടൽത്തീരവും കണ്ടൽക്കാടുകളും നിറഞ്ഞുനിൽക്കുന്നത്.
പയ്യോളി -വടകര ദേശീയപാതയിൽ മൂരാട് ഓയിൽ മിൽ സ്റ്റോപ്പിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മിനി ഗോവയിലെത്താം.
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ ഞാറാഴ്ചകളിൽ സന്ദർശകരുടെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
സമീപ ജില്ലകളിൽനിന്നുപോലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി നൂറുകണക്കിന് സഞ്ചാരപ്രിയർ ഇവിടെ എത്തുന്നുണ്ട്. തീരത്തുനിന്ന് അരക്കിലോമീറ്ററകലെ റോഡ് അവസാനിക്കുന്നുണ്ട്.
പിന്നീട് കാൽനടയായി വേണം മണൽപരപ്പിലൂടെ ഇവിടെ എത്താൻ. അഴിമുഖത്തിെൻറ അങ്ങേയറ്റത്ത് വിനോദസഞ്ചാര കേന്ദ്രമായ വടകരയിലെ സാൻഡ്ബാങ്ക്സും ഇവിടെനിന്ന് ദൃശ്യമാവും. കോട്ടക്കൽ കേന്ദ്രീകരിച്ച് ഇരു തീരങ്ങളെയും ബന്ധിപ്പിച്ച് മേൽപാലവും തീരദേശ ഹൈവേയും വികസിപ്പിച്ച് സർക്കാർ പദ്ധതിയുണ്ടെങ്കിലും പിന്നീട് നടപടികളൊന്നുമായിട്ടില്ല.
ഉത്തര മലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം, കുഞ്ഞാലിമരക്കാർ മ്യൂസിയം, കടലാമ സംരക്ഷണ കേന്ദ്രം എന്നിവയോടൊപ്പം വിളിപ്പാടകലെയാണ് വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്ന കോട്ടക്കടപ്പുറം അഴിമുഖത്തെ മിനി ഗോവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.