കോഴിക്കോട്: ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നാലുമാസത്തിനിടെ സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് 598 കേസുകൾ. 789 പേരാണ് ഇത്രയും കേസുകളിലായി അറസ്റ്റിലായത്. ജനുവരി മുതൽ ഏപ്രിൽവരെയാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.
മയക്കുമരുന്ന് വേട്ട ശക്തമാക്കി നാർകോട്ടിക് സെൽ അസി. കമീഷണറുടെ കീഴിലെ ഡെൻസാഫ് സ്ക്വാഡിന്റെയും ലോക്കൽ പൊലീസിന്റെയും സംയുക്ത ഓപറേഷനിൽ ഇക്കാലയളവിൽ 47.23 കിലോ കഞ്ചാവും 868.917 ഗ്രാം എം.ഡി.എം.എയും 44.71 ഗ്രാം ബ്രൗൺഷുഗറും 18.07 ഗ്രാം ഹാഷിഷും 794 ഗ്രാം ഹാഷിഷ് ഓയിലും 0.16 ഗ്രാം എൽ.എസ്.ഡിയുമാണ് പിടിച്ചെടുത്തത്.
കൊല്ലം സ്വദേശി തൊടിയിൽ എ. അൻസാറാണ് ലഹരിക്കേസിൽ അവസാനമായി അറസ്റ്റിലായത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകി, ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം നഗരപരിധയിൽ ലഹരിവേട്ട ശക്തമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു അറിയിച്ചു. കുട്ടികളുടെ ഇടയിൽ ലഹരിമരുന്ന് വിതരണം വ്യാപകമായതിനാൽ പലരും ഡൻസാഫിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണത്തിലാണ്.
കൂടാതെ കുട്ടികളുടെ ഇടയിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിവിധ ഏജൻസികളുടെ സഹായത്തോടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.