കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യം ഉപയോഗിച്ച് ഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് പ്രാഥമിക ധാരണയായി. ഇതോടെ സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി ചേർന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് കോർപറേഷൻ പിൻവാങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡുമായി (ഗെയിൽ) ചേർന്ന് പ്ലാൻറുണ്ടാക്കുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിൽ.
സംസ്ഥാനത്ത് 10 ജില്ലകളിൽ പ്രകൃതിവാതക പ്ലാൻറുണ്ടാക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാന പ്രകാരമാണിത്. മാലിന്യം വേർതിരിച്ച് നഗരസഭ നൽകുകയും ഗെയിൽ കമ്പനി പ്ലാൻറുണ്ടാക്കി ഗ്യാസ് ഉൽപാദിപ്പിച്ച് ഉപയോഗപ്പെടുത്തുകയും അവശിഷ്ടമായി വരുന്ന വളം ഫാക്ട് മുഖേന വിതരണം നടത്തുകയുമാണ് പദ്ധതി. ഗെയിൽ അധികൃതരുമായി കോർപറേഷൻ പ്രാഥമിക ചർച്ചകൾ നടത്തി.
ഗെയിൽ, ബി.പി.സി.എൽ എന്നിവയുമായി ചേർന്ന് സംസ്ഥാനത്ത് മാലിന്യത്തിൽനിന്ന് പ്രകൃതിവാതകം ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ ഞെളിയൻപറമ്പിൽ സോണ്ട നിർമിക്കുന്ന വൈദ്യുതി പ്ലാന്റ് അനിശ്ചിതമായി നീണ്ട് വിവാദങ്ങളിൽ പെട്ടതിനാൽ തുടരേണ്ടെന്നെന്നാണ് തീരുമാനിച്ചത്.
നൂറ് ടൺ സംസ്കരണശേഷിയുള്ള പ്ലാന്റ് പണിയാമെന്ന് ഗെയിലുമായുള്ള ചർച്ചയിൽ ധാരണയായി. ഗെയിലിന് സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ കോർപറേഷൻ നൽകണം. പ്ലാൻറ് കമ്പനി നിർമിക്കും. വിശദചർച്ച ഉടൻ നടക്കും. ഞെളിയൻപറമ്പിൽ ഇപ്പോഴുള്ള സ്ഥലം ഉപയോഗിക്കാനാണ് പ്രാഥമിക തീരുമാനം.
സോണ്ട കമ്പനിയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് നിർമാണം എങ്ങുമെത്തിയിട്ടില്ല. അതിനാൽ സോണ്ടയെ നിലനിർത്തുന്നതിനോട് കോർപറേഷൻ താൽപര്യക്കുറവ് അറിയിച്ചെങ്കിലും പ്ലാൻറിന് നിലമൊരുക്കാനുള്ള കരാർ പലപ്പോഴായി നീട്ടിക്കൊടുത്തിരുന്നു. തുടങ്ങിക്കഴിഞ്ഞ പണി തീർക്കട്ടെയെന്ന നിലപാടായിരുന്നു നഗരസഭക്ക്.
2019 ഡിസംബറിലാണ് സോണ്ട ഇൻഫ്രാടെക്കുമായി കരാറൊപ്പിട്ടത്. 250 കോടിയുടെ പ്ലാന്റ് നിർമാണത്തിനും നിലമൊരുക്കാൻ ബയോമൈനിങ് അടക്കം നടത്താനും സോണ്ട കരാറെടുത്തു. സ്ഥലമൊരുക്കാനുള്ള 7.77 കോടി രൂപയും ജി.എസ്.ടിയും അടക്കമുള്ള കരാർ തുകയിൽ 3.7 കോടി കമ്പനി കൈപ്പറ്റിയിരുന്നു.
ആറ് തവണ കരാർ നീട്ടിയിട്ടും പണി പൂർത്തിയാക്കാത്ത കമ്പനിക്ക് കോർപറേഷൻ 38.85 ലക്ഷം പിഴയിട്ടിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് സോണ്ട വിവാദത്തിലായതോടെയാണ് കോഴിക്കോട്ടും കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്. ഇപ്പോൾ നിലമൊരുക്കൽ 75 ശതമാനത്തോളം തീർന്നതായാണ് കണക്ക്. മഴയായതിനാൽ പണി നിർത്തുകയും ചെയ്തു. സോണ്ടയുടെ കരാർ കാലാവധി ജൂൺ 10ന് കഴിഞ്ഞിരുന്നതാണ് കോർപറേഷൻ പലതവണ നീട്ടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.