കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റിയെ അവഗണിച്ചതായി ആക്ഷേപം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നത്. ജില്ല കമ്മിറ്റിയുടെ പരിഭവം നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചു.
മലപ്പുറം കഴിഞ്ഞാൽ ലീഗിന് സ്വാധീനമുള്ള ജില്ലയായ കോഴിക്കോട്ടെ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം ജില്ല നേതൃത്വംപോലും അറിയാതെയായിരുന്നുവെന്നാണ് ആക്ഷേപം. കൂടിയാലോചന നടത്താതെ കോഴിക്കോട് സൗത്ത്, കുന്ദമംഗലം, പേരാമ്പ്ര മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം നടത്തിയത് ദൗർഭാഗ്യകരമായെന്നും ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ അഭിപ്രായപ്പെട്ടു.
എം.കെ. മുനീർ കൊടുവള്ളിയിലേക്ക് കൂടുമാറാൻ തീരുമാനിച്ചതിനെ തുടർന്ന് കോഴിക്കോട് സൗത്തിൽ ജില്ല ഭാരവാഹികളിലൊരാളെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വനിതക്ക് ഒരുസീറ്റ് നൽകണമെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം നേരിട്ടാണ് ഇവിടെ നൂർബിന റഷീദിനെ പ്രഖ്യാപിച്ചത്. തുടർന്ന് പ്രതിഷേധം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ഒതുക്കി. പക്ഷേ, ഭാരവാഹികൾക്കിടയിൽ ഉടലെടുത്ത അതൃപ്തി നൂർബിന റഷീദിെൻറ പ്രചാരണത്തിൽ നിഴലിച്ചു.
ലീഗിന് ലഭിച്ച കുന്ദമംഗലത്ത് അടവുനയത്തിെൻറ ഭാഗമായി കോൺഗ്രസിലെ ദിനേശ് പെരുമണ്ണയെ നിർത്താനായിരുന്നു തീരുമാനം. അധികമായി ലഭിച്ച പേരാമ്പ്രയാകട്ടെ, സ്വതന്ത്രനായ സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് സ്ഥാനാർഥിയാക്കിയത്. ഇതിലൊന്നും ജില്ല കമ്മിറ്റിയുമായി കൂടിയാലോചന നടന്നിട്ടില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.