പേരാമ്പ്ര: യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ വി.പി. ദുൽഖിഫിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം.
വിശദീകരണം ചോദിക്കുക പോലും ചെയ്യാതെ ധൃതിപിടിച്ച് നടപടിയെടുത്തതിൽ യൂത്ത് കോൺഗ്രസുകാർക്കിടയിൽ വലിയ അമർഷമാണുള്ളത്. ദുൽഖിഫിലിനെ പിന്തുണച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളും അണികളും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിനെ ഫേസ്ബുക്കിലൂടെ വിമർശിച്ചെന്നാണ് ദുൽഖിഫിലിനെതിരെയുള്ള കുറ്റം. ഡി.വൈ.എഫ്.ഐ പൊതിച്ചോറ് നൽകുന്നത് യൂത്ത് കോൺഗ്രസ് മാതൃകയാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ചില യോഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിൽ വിയോജിപ്പുണ്ടെന്ന് കാണിച്ചാണ് ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും കെ.പി.സി.സി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.സി.സി പ്രസിഡന്റ് ഉടൻതന്നെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ദുൽഖിഫിലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനാണെന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളോടുപോലും അന്വേഷിക്കാതെ എടുത്ത നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഡി.സി.സി പ്രസിഡൻറിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പുകാർ ഇദ്ദേഹത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കോൺഗ്രസ് നേതൃയോഗത്തിൽ ഡി.വൈ.എഫ്.ഐയെ പ്രശംസിച്ചിട്ടില്ലെന്നും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തൽ യൂത്ത് കോൺഗ്രസിന്റെ നയമല്ലെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നേതൃയോഗത്തിൽ യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തുകയോ ഡി.വൈ.എഫ്.ഐയെ പുകഴ്ത്തുകയോ ചെയ്തിട്ടില്ല.
സി.പി.എമ്മിനോട് നാളിതുവരെ സന്ധിയില്ലാത്ത സമരം നടത്തുന്ന കെ.പി.സി.സി പ്രസിഡന്റ് ഡി.വൈ.എഫ്.ഐയെ പ്രശംസിക്കില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതാണെന്നും ഷഹിൻ പറഞ്ഞു. ദുൽഖിഫിലിനെ സസ്പെൻഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.