കോഴിക്കോട്: ഗൾഫിൽനിന്ന് കള്ളക്കടത്ത് സ്വർണവുമായെത്തിയ കാരിയര്‍ മുങ്ങിയതോടെ പിടികൂടാന്‍ ക്രിമിനല്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കൊടുവള്ളി കളരാന്തിരി സ്വദേശികളായ മുഹമ്മദ് ഷമീര്‍, ഫൈസല്‍ എന്നിവരാണ് കുന്ദമംഗലം കോടതിയില്‍ കീഴടങ്ങിയത്. ഇരുവർക്കുമായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളിൽ മുഹമ്മദ് ഷമീര്‍ വിദേശത്തായിരുന്നുവെന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരം.ലുക്കൗട്ട് നോട്ടീസ് നിലനിൽക്കെ ഇയാളെങ്ങനെ നാട്ടിലെ കോടതിയിലെത്തിയെന്നത് ദുരൂഹമാണ്. രണ്ടുമാസം മുമ്പാണ് ഫൈസലിനെ കേസിൽ പ്രതിചേർത്തത്. ഇതോടെ ഇയാളും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.
2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സ്വർണക്കടത്ത്. കൊടുവള്ളി സംഘം കാരിയര്‍ മുഖേന ഒന്നരകിലോ സ്വര്‍ണം നാട്ടിലേക്കയച്ചു. ജ്യൂസ് രൂപത്തില്‍ ലായനിയാക്കിയായിരുന്നു സ്വര്‍ണം അയച്ചത്. കാരിയര്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയെങ്കിലും സ്വര്‍ണത്തിനായി കാത്തുനിന്ന മുഹമ്മദ് ഷമീര്‍ ഉള്‍പ്പെട്ട കൊടുവള്ളി സംഘത്തിെൻറ കണ്ണുവെട്ടിച്ച് മറ്റൊരു സംഘത്തിനൊപ്പം രക്ഷപ്പെടുകയായിരുന്നു.
സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറേയും സംഘത്തേയും തിരിച്ചറിഞ്ഞ കൊടുവള്ളി സംഘം ഇവരെ പിടികൂടാനും സ്വര്‍ണം വീണ്ടെടുക്കാനുമായി നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്തിന് ക്വട്ടേഷന്‍ നല്കി. ക്വട്ടേഷന്‍ ഏറ്റെടുത്ത രഞ്ജിത്ത് കാരിയറേയും ഒപ്പമുണ്ടായിരുന്ന പെരിങ്ങൊളം സ്വദേശിയെയും പിടികൂടി. ദിവസങ്ങളോളം കാസർകോട് ഉപ്പളക്ക് സമീപത്തെ വീട്ടില്‍ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതോടെ സ്വർണം കൈമാറിയ സംഘത്തെ കുറിച്ച് കാരിയർ വിവരം നൽകുകയും ഒരുകിലോ സ്വര്‍ണം ഇവര്‍ വീണ്ടെടുക്കുകയും ചെയ്തു.
അതിനിടെ കാരിയറുടെ ഒപ്പമുണ്ടായിരുന്ന പെരിങ്ങൊളം സ്വദേശിയെ കാണാതായതിന് പിന്നാലെ അമ്മ കുന്ദമംഗലം പൊലീസില്‍ പരാതി നല്കി. ഇതിെൻറ ഭാഗമായുള്ള അന്വേഷണത്തിലാണ് സ്വര്‍ണക്കടത്തിലെ ക്രിമിനല്‍ ഇടപെടലിനെ കുറിച്ച് വ്യക്തമായത്. സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രധാനി കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെ കഴിഞ്ഞ ജൂലൈയില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഷമീർ ദുബൈയിലാണെന്നും കേസിൽ ഫൈസലിനും പങ്കുണ്ടെന്നും വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.