കോഴിക്കോട്: ഏവർക്കും സന്തോഷകരമായ ജീവിതവും വയോജന സൗഹൃദ നഗരവും ലക്ഷ്യമിട്ടുള്ള കോർപറേഷൻ പദ്ധതിയുടെ ഭാഗമായി മുതിർന്ന പൗരന്മാർ നഗരം കാണാനിറങ്ങി. നഗരത്തിലെ പകൽ വീട്ടിലെ അംഗങ്ങൾക്കായി കോർപറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിനോദയാത്ര ദീപാവലി നാളിൽ മറക്കാനാവാത്ത മധുര നിമിഷങ്ങളായി.
കുണ്ടുപറമ്പ്, മൊകവൂർ, എരഞ്ഞിപ്പാലം, കരുവിശ്ശേരി, പൂളക്കടവ് എന്നിവിടങ്ങളിലെ പകൽവീട് അംഗങ്ങളായ 263 പേരാണ് ഒന്നിച്ച് യാത്രക്കിറങ്ങിയത്. തളി ക്ഷേത്രം, മിശ്കാൽ പള്ളി എന്നിവ സന്ദർശിച്ച സംഘത്തിന് കോർപറേഷൻ ഓഫിസിൽ മേയർ ഡോ. ബീന ഫിലിപ്, ആരോഗ്യ സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ എന്നിവർ ചേർന്ന് സ്വീകരണം നൽകി. കേക്ക് മുറിച്ച് അവർ മേയറുമായി സംസാരിച്ചു. മേയറും ഡോ. എസ്. ജയശ്രീയും അംഗങ്ങൾക്കൊപ്പം നൃത്തവും നടത്തി. പിന്നെ മൂന്നായി തിരിഞ്ഞ് പത്രസ്ഥാപനങ്ങൾ സന്ദർശിച്ചു. എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ ഭക്ഷണം കഴിച്ച ശേഷം ബസിൽ പാട്ടുപാടിയും നൃത്തം വെച്ചും നഗരം ചുറ്റി. വൈകീട്ട് കാപ്പാട് ബീച്ചിലും സംഘമെത്തി. കടപ്പുറത്തും പാർക്കിലുമൊക്കെ അവർ സന്തോഷം പങ്കിട്ടു.
വൈകീട്ട് ആറോടെയാണ് മടങ്ങിയത്. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി. ദിവാകരൻ, വിദ്യാഭ്യാസ സമിതി അധ്യക്ഷ സി. രേഖ, കൗൺസിലർ ഫെനിഷ, ബിജുലാൽ എന്നിവർ അനുഗമിച്ചു.
വയോജനങ്ങൾക്ക് വാതിൽപടി സേവനം
കോർപറേഷൻ വയോജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രത്യേക കർമപദ്ധതി വരുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. കിടപ്പുരോഗികൾക്ക് വാതിൽപടി സേവനം ഉറപ്പാക്കുന്ന പദ്ധതി ഈ മാസം തന്നെ തുടങ്ങും. വയോജന സംഗമം, വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാല, കലാപരിപാടികൾ എന്നിവ നേരത്തേ നടന്നിരുന്നു. നഗരത്തിൽ ഒരു ലക്ഷം പേർ 60 വയസ്സു കഴിഞ്ഞവരാണെന്നാണ് കണക്ക്. വയോജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള വിശദമായ സർവേയും വിവിധ മേഖലയിൽ പ്രാവീണ്യം നേടിയ മുതിർന്നവരുടെ വിഭവ ലിസ്റ്റും കോർപറേഷൻ തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.