കോഴിക്കോട്: ആറു വയസ്സുകാരിക്ക് ഷിഗെല്ല ബാക്ടീരിയ രോഗബാധയുണ്ടായ എരഞ്ഞിക്കലിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. എന്നാൽ, ശേഖരിച്ച സാമ്പിളുകളിൽനിന്ന് ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ മുന്നൂറോളം വീടുകളിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ബോധവത്കരണവും നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. ശനിയാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. സ്വകാര്യലാബിൽനിന്നായിരുന്നു പരിശോധിച്ചത്. എരഞ്ഞിക്കലിൽ ഒരു കുട്ടിക്കുകൂടി ലക്ഷണമുണ്ടായിരുന്നു. തലക്കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ ഈ കുട്ടിയുടെ ലക്ഷണങ്ങളും ഭേദമായി. എന്നാൽ, കുട്ടിയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ച കുട്ടിയും രോഗലക്ഷണമുള്ള കുട്ടിയും സമീപത്തെ വീട്ടിലെ വിരുന്നിൽ പങ്കെടുത്തിരുന്നു. എന്നാൽ, വിരുന്നിനെത്തിയ മറ്റാർക്കും ലക്ഷണങ്ങളില്ല.
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള 36 ആശ പ്രവർത്തകരും മറ്റ് ആരോഗ്യപ്രവർത്തകരും മൂന്നുദിവസമായി പ്രദേശത്ത് സൂപ്പർ ക്ലോറിനേഷൻ നടത്തിയിരുന്നു. ഒ.ആർ.എസ് പൊടിയും വിതരണം ചെയ്തു. എല്ലാ വീടുകളിലും സർവേയും നടത്തിയതായി പുതിയാപ്പ മെഡിക്കൽ ഓഫിസർ കെ.വി. മിഥുൻ ശശി പറഞ്ഞു.
അത്തോളി കൊളക്കാട് ഷിഗെല്ല ലക്ഷണമുള്ള കുട്ടികളുടെ വീടിന് സമീപത്തെ 26 വീടുകളിലും ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഴുവയസ്സുകാരനും മൂന്നു വയസ്സുള്ള സഹോദരനും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇരുവരെയും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അസുഖം ഭേദമായി, ഡിസ്ചാർജായി വീട്ടിലെത്തിയിട്ടുണ്ട്. പ്രദേശത്തെ കനാലിലേക്ക് വെള്ളം തുറന്നപ്പോൾ സെപ്ടിക് ടാങ്കിൽ നിന്ന് മലിനജലം കിണറിലേക്ക് എത്തിയതാണ് വയറിളക്കത്തിന് കാരണമെന്നാണ് സൂചന.
വയറിളക്കം, ചിലപ്പോൾ രക്തത്തോടുകൂടിയ മലവിസർജനം, വേദനയോടുകൂടിയ മലവിസർജനത്തിനുള്ള തോന്നൽ, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ, വിളർച്ച, പ്ലേറ്റ്ലറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. രോഗാണു ശരീരത്തിൽ കയറി ഒന്നു രണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും.
ആരോഗ്യവാനായ ഒരാളിൽ അഞ്ചുമുതൽ ഏഴുദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം. വയറിളക്കം മൂലം ശരീരത്തിലെ ജലാംശങ്ങളും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാനും രോഗം ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ, ഐ.വി ഫ്ലൂയിഡ് ചികിത്സ തുടങ്ങിയ സംവിധാനങ്ങളിലൂടെ രോഗത്തെ നിയന്ത്രിച്ച് ഭേദമാക്കാം. സാധാരണഗതിയിൽ അഞ്ച് മുതൽ ഏഴു ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകും.
കോഴിക്കോട്: ഭക്ഷണത്തിലൂടെ പകരുന്ന ഷിഗെല്ല രോഗത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന മാരകമായ വയറിളക്ക രോഗങ്ങൾക്ക് ഇത് കാരണമായേക്കും. വേനൽകാലമായതിനാൽ കുടിവെള്ളവും ഭക്ഷണവും ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.