കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സസ്യോദ്യാനത്തില്‍ ശിംശിപാ വൃക്ഷം പൂവണിഞ്ഞു. സസ്യഗണത്തിലെ രാജ്ഞി എന്നു വിശേഷിപ്പിക്കുന്ന അശോക മരത്തോട് രൂപസാദൃശ്യം പുലര്‍ത്തുന്ന ശിംശിപായുടെ ജന്മദേശം മ്യാന്മര് ആണ്.
കണിക്കൊന്നയും അശോകവും രാജമല്ലിയും ഉള്‍പ്പെടുന്ന സിസാല്‍പിനേസിയേ സസ്യ കുടുംബാംഗമായ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ആംഹേസ്റ്റിയ നൊബിലിസ് (Amherstia nobilis) എന്നാണ്. രണ്ടടിയോളം നീളത്തില്‍ തൂങ്ങിക്കിടക്കുന്ന മനോഹര പൂങ്കുലകള്‍ കൗതുക കാഴ്ചയാണ്. പൂക്കള്‍ക്ക് മഞ്ഞയും വെള്ളയും കലര്‍ന്ന ഓറഞ്ച് നിറമാണ്. കേരള വനഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വൃക്ഷത്തൈ 2018ലാണ് സര്‍വകലാശാല ഉദ്യാനത്തില്‍ അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നട്ടത്.
അപൂര്‍വമായി ചിലയിടങ്ങളില്‍ ശിംശിപാ വൃക്ഷം നട്ടുവളര്‍ത്തി വരുന്നുണ്ടെങ്കിലും തൈകളുടെ ദൗര്‍ലഭ്യം കാരണം അധികം പ്രചാരം നേടിയിട്ടില്ല. മ്യാന്മറിെൻറ അഭിമാനം എന്നറിയപ്പെടുന്ന ഈ വൃക്ഷത്തെക്കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വിരഹ വ്യഥയാല്‍ ക്ഷീണിതയായ സീത അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിലിരിക്കുന്നതായാണ് കാവ്യത്തില്‍ പറയുന്നത്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏഷ്യയിലെ സസ്യങ്ങള്‍ ശേഖരിച്ച് പഠനം നടത്തിയിരുന്ന ലേഡി സാറ ആംഹേസ്റ്റിന്റെ സ്മരണക്കായി നാമകരണം നടത്തിയ ആംഹേസ്റ്റിയ ജനുസ്സിലെ ഏകയിനമാണ് ശിംശിപാ വൃക്ഷം. പതിവെച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് ഏറെ പ്രായോഗികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.