കോഴിക്കോട്: നഗരം ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികൾ ആവിഷ്‍കരിച്ച് നടപ്പാക്കാൻ കോർപറേഷൻ. ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ ബിന്നുകൾ, ബയോ ബക്കറ്റ്, റിങ് കമ്പോസ്റ്റ്, പോർട്ടബ്ൾ ബയോ ഗ്യാസ് പ്ലാന്റ്, ഇതിന് പുറമെ സോക്ക് പിറ്റ് നിർമാണം, കിണർ റീചാർജിങ് തുടങ്ങിയവക്കെല്ലാമുള്ള പ്രത്യേക പദ്ധതികൾ ആവിഷ്‍കരിച്ച് നടപ്പാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. നവംബർ അവസാനത്തോടെ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ നടപടിയാവും.
ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ജൈവമാലിന്യ സംസ്കരണ ഉപാധികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും മേഖലയിലെ വിദഗ്ധരെ വെച്ച് ജനകീയ ശിൽപശാല 17ന് രാവിലെ 10 മുതൽ ടാഗോർ ഹാളിൽ നടത്തും. വാർഡ് കൗൺസിലർമാർ, അതത് വാർഡിലെ വാർഡ് കമ്മിറ്റി അംഗങ്ങൾ, റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾ, ക്ലസ്റ്റർ ലീഡർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചാണ് ശിൽപശാല.
നഗരത്തിലെ മുഴുവൻ ആളുകളിലേക്കും പദ്ധതി പരിചയപ്പെടുത്താനും അർഹരായവർക്ക് മുഴുവൻ ഇത് എത്തിച്ചുനൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് അതത് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശിൽപശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.