വെള്ളിമാട്കുന്ന്: ജഴ്സിയണിഞ്ഞ് പന്തുമായി കളിക്കളത്തിലിറങ്ങിയപ്പോൾ ബാലിക മന്ദിരത്തിലെ വിദ്യാർഥിനികളിൽ തെളിഞ്ഞത് പുതിയ കായിക പ്രതീക്ഷകൾ. മുപ്പത്തഞ്ചോളം വിദ്യാർഥിനികളാണ് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ബാലിക മന്ദിരത്തിലൊരുക്കിയ കളിക്കളത്തിൽ ചൊവ്വാഴ്ച മുതൽ വോളിബാളിലും ബാഡ്മിന്റനിലും പരിശീലനം ആരംഭിച്ചത്.
ബാലിക മന്ദിരത്തിലെ ആറു പെൺകുട്ടികൾ കഴിഞ്ഞമാസം ഒളിച്ചുകടന്നത് വിവാദമായിരുന്നു. കായിക- മാനസിക വ്യായാമത്തിന് വേദിയില്ലാത്തതിനാൽ കുട്ടികൾക്ക് മാനസിക സമ്മർദമേറുന്നുവെന്ന തിരിച്ചറിവിലാണ് ഡി.എൽ.എസ്.എ വോളിബാൾ കോർട്ടും ഷട്ടിൽകോർട്ടും ഒരുക്കിയത്. ജില്ല ജഡ്ജിയും ഡി.എൽ.എസ്.എ ചെയർപേഴ്സനുമായ പി. രാഗിണി കളിക്കളങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സബ്ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ എം.പി. ഷൈജൽ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ലേബർ കോടതി ജഡ്ജി ആർ.എൽ. ബൈജു, മെഡിക്കൽ കോളജ് അസി.പൊലീസ് കമീഷണർ കെ. സുദർശൻ എന്നിവർ അതിഥികളായി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹൻ അസിസ്റ്റന്റ് കോച്ച് ഹേമ, ഡി.എൽ.എസ്.എ വളന്റിയേഴ്സ എന്നിവർ പങ്കെടുത്തു. ഗവ. വിമൻ ആന്‍ഡ് ചൈൽഡ് ഡിസ്ട്രിക്ട് ഓഫിസർ അബ്ദുൽ ബാരി സ്വാഗതവും ബാലിക മന്ദിരം സൂപ്രണ്ട് വി.എ. നിഷ മോൾ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥിനികളുടെ സൗഹൃദ വോളിബാൾ മത്സരം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.