കോഴിക്കോട്: ആവിക്കൽ തോട്ടിൽ കോഴിക്കോട് കോർപറേഷൻ അമൃത് പദ്ധതിയിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. നിർമാണം നടക്കുന്ന സ്ഥലം തോടാണെന്നും വെള്ളം കെട്ടിനിൽക്കുന്ന ഭാഗമാണെന്നും മാസ്റ്റർ പ്ലാൻ പ്രകാരം ഇവിടെ നിർമാണം നടത്താൻ പാടില്ലെന്നും നിയമാനുസൃത പ്ലാനില്ലെന്നും മറ്റും പരാതിപ്പെട്ടുകൊണ്ടുള്ള പരിസരവാസിയുടെ ഹരജിയിലാണ് രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ചുമതലയുള്ള ഒന്നാം മുൻസിഫ് എം.സി. ബിജുവിന്റെ ഇടക്കാല ഉത്തരവ്.
കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെയാണ് നിർമാണം തടഞ്ഞത്. തോടിന്റെ നിലവിലെ അവസ്ഥയിൽ മാറ്റംവരുത്തരുതെന്നും തോടിന്റെ ആഴമോ വീതിയോ മാറ്റരുതെന്നും ഉത്തരവിൽ പറഞ്ഞു. നേരത്തേ കോടതി നിർദേശപ്രകാരം അഭിഭാഷക കമീഷൻ അഡ്വ. പി. ഗിരീഷ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
പുതിയ കടവ് നിഹ്മത്ത് മൻസിലിൽ സക്കീർ ഹുസൈൻ അഡ്വ. മുനീർ അഹമ്മദ്, അഡ്വ. മുദസർ അഹമ്മദ് എന്നിവർ മുഖേന നൽകിയ ഹരജിയിലാണ് നടപടി. കോർപറേഷൻ സെക്രട്ടറി, ജില്ല കലക്ടർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. നിർമാണം തടഞ്ഞ് സ്ഥലം അതേപടി സംരക്ഷിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
കോർപറേഷന്റെ വാദവും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് ഉത്തരവ്. 1.75 ഏക്കർ സ്ഥലം ഇവിടെയുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. പ്രകൃതിദത്തമായ തോടാണ് ഇതെന്ന് സർക്കാർ രേഖകളിൽ കാണുന്നുമുണ്ട്. എന്നാൽ, 89 സെന്റ് ഭൂമിയെന്നാണ് കോർപറേഷൻ കോടതിയിൽ അറിയിച്ചത്. തോട് മണ്ണും മാലിന്യവുമിട്ട് നികത്തിയ സ്ഥലത്താണ് പ്ലാന്റ് എന്നും അത് നിയമലംഘനമാണെന്നുമുള്ള ഹരജിക്കാന്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.