നാദാപുരം: പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയും മാലിന്യം പാതയോരത്ത് തള്ളുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി നാദാപുരം പഞ്ചായത്ത്. ബസ് സ്റ്റാൻഡിന് പിറകിൽ പ്രവർത്തിക്കുന്ന ബിസ്മി ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന്റെ പിറകുവശത്തുള്ള ഗ്രൗണ്ടിന് സമീപത്ത് കത്തിച്ചതിനാണ് നടപടി.
മാലിന്യം കത്തിച്ചതിന്റെ പടം, വിഡിയോ എന്നിവ സഹിതം പഞ്ചായത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിന് 10,000 രൂപ പിഴചുമത്തി നോട്ടീസ് നൽകി. കസ്തൂരികുളത്ത് പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽനിന്ന് പ ത്തോളം ചാക്ക് മാലിന്യങ്ങൾ സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയതായും സ്ഥാപനത്തിന് 10,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.
എന്നാൽ, അടുപ്പിലെ വെണ്ണീർ ചാക്കിലാക്കി സൂക്ഷിച്ചതാണെന്നും മാലിന്യം തള്ളിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഹോട്ടലുടമ പറഞ്ഞു. ഏഴു ദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
ഇതോടൊപ്പം കാൽനടക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയിൽ റോഡരികിലും ഫൂട്പാത്തിലും ടൂ വീലർ റിപ്പയർ ചെയ്യുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിഷയം പരിഹരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും.
പത്തോളം സ്ഥാപനങ്ങളിൽ ലൈസൻസ് സംബന്ധിച്ച പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫൂട്പാത്തിൽ വില്പനസാമഗ്രികൾ വെച്ച മൂന്ന് ഫ്രൂട്ട് സ്റ്റാളുകൾക്കും നോട്ടീസ് നൽകി. സമ്പൂർണ ശുചിത്വപദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൃഹത്തായ രീതിയിൽ കാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്നും ലൈസൻസ് ഇല്ലാതെയോ മാലിന്യസംസ്കരണ സംവിധാനം ഇല്ലാതെയോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഫൂട്പാത്ത്, റോഡ് എന്നിവ കൈയേറുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിലും നടപടിയിലും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.