കീഴരിയൂർ: സ്വയംതൊഴിൽ പദ്ധതിയുടെ പേരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന അഞ്ചു സ്ത്രീകൾ കബളിപ്പിക്കപ്പെട്ടതായി പരാതി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2008-2009 വർഷത്തിൽ പട്ടികജാതി വിഭാഗം സ്ത്രീകൾക്ക് നടപ്പാക്കിയ തൊഴിൽ യൂനിറ്റിന്റെ പേരിൽ രണ്ടു വിധവകളും ഒരു ഹൃദ്രോഗിയും ഉൾപ്പെടെയുള്ളവരാണ് പണം തിരിച്ചടക്കാനാവാതെ പ്രയാസപ്പെടുന്നത്.
15 വർഷമായി ഇവർ നീതിക്കുവേണ്ടി യാചിക്കുകയാണ്. പേപ്പർ ഗ്ലാസ് നിർമാണ യൂനിറ്റ് പദ്ധതിയാണ് ഇവരെ വലച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു തൊഴിൽ എന്നത് ഇവർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഒരു ഗ്ലാസ് പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല.
തൈക്കണ്ടി രാധ, തേനാരി വിമല, കെ.ടി. രാധ, പുഷ്പ പുണ്യനിവാസ്, സുധ സ്വപ്ന നിവാസ് എന്നിവരാണ് തൊഴിൽ തട്ടിപ്പിനിരയായത്. ഇവരുടെ പേരിൽ രണ്ടരലക്ഷം രൂപ ഗ്രാമീൺ ബാങ്കിൽനിന്ന് ലോൺ എടുത്താണ് പദ്ധതി തുടങ്ങിയത്. പരിശീലനം നൽകുന്നതിനിടെ യന്ത്രം കേടാവുകയായിരുന്നു.
ദീർഘകാലം പ്രവർത്തിപ്പിച്ച് ഒഴിവാക്കിയ യന്ത്രസാമഗ്രികൾ പുതിയതാണെന്ന വ്യാജേന വനിത തൊഴിലന്വേഷകർക്ക് നൽകിയെന്നാണ് ആരോപണം. നന്നാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ യന്ത്രം പഞ്ചായത്ത് അധികൃതർ തിരിച്ചെടുത്തു. ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അയച്ച നോട്ടീസ് കൈപ്പറ്റിയ വനിതകൾ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആദ്യകാലത്ത് ചെറിയ സംഖ്യ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അടച്ചിരുന്നു.
തൊഴിലുറപ്പ് ജോലി ചെയ്യുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ കൂലിപോലും പിൻവലിക്കാനാവുന്നില്ല. കബളിപ്പിക്കപ്പെട്ട കാര്യങ്ങൾ നാട്ടുകാരെ അറിയിക്കുന്നതിന് അഞ്ചുപേരും ചേർന്ന് ഈമാസം 24ന് 4.30ന് മണ്ണാടി പുലരി വായനശാലക്കു സമീപം യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.