കോഴിക്കോട്: മെഡിക്കൽ കോളജിലെ പുതിയ കാഷ്വാലിറ്റിയിൽ രണ്ടുദിവസമായി എക്സ്-റേ മെഷീൻ പ്രവർത്തിക്കുന്നില്ല. പുതിയ മെഷീൻ വെറും രണ്ടു ദിവസം മാത്രം പ്രവർത്തിച്ച് മൂന്നാംദിവസം പണിമുടക്കിയതാണ്. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച കാഷ്വാലിറ്റിയിൽ പ്രവർത്തനം തുടങ്ങി രണ്ടുദിവസത്തിനകം മെഷീൻ കേടായത് ഗുണനിലവാരക്കുറവാണെന്നാണ് വിവരം.
ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ബന്ധപ്പെട്ട ഡോക്ടർ തയാറായില്ല. ഇതെന്ന് നന്നാക്കുമെന്ന് ആർക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. ഇതര സംസ്ഥാനത്തുനിന്ന് യന്ത്രം നന്നാക്കാൻ ആൾ വരണമെന്നാണ് പറയുന്നത്. കാഷ്വാലിറ്റിയിൽനിന്ന് റോഡിനപ്പുറമുള്ള ഒ.പിയിൽ പോയി വേണം രോഗികൾക്ക് എക്സ്-റേ എടുക്കാൻ. ഇത് വലിയ പ്രയാസമാണ് രോഗികൾക്കുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം ഒട്ടോ മറിഞ്ഞ് പരിക്കേറ്റയാളെ രണ്ടുതവണയാണ് ദൂരെയുള്ള പഴയ ബ്ലോക്കിലേക്ക് എക്സ്-റേക്കും സി.ടി സ്കാനിങ്ങിനുമായി കൊണ്ടുപോയത്. മാർച്ച് നാലിനാണ് മുഖ്യമന്ത്രി പുതിയ കാഷ്വാലിറ്റി ഉൾപ്പെടുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാഷ്വാലിറ്റി ഈ കെട്ടിടത്തിലേക്ക് മാറ്റിയത്. എക്സ്-റേ യന്ത്രമുൾപ്പെടെ എല്ലാം പുതിയതാണ്.
അപകടംപറ്റി വരുന്നവർ കാഷ്വാലിറ്റി കെട്ടിടത്തിന്റെ ഒന്നാംനിലയിൽ കയറി പഴയ ബ്ലോക്കിലേക്കുള്ള ആകാശപാതവഴി വേണം പഴയ എക്സ്-റേ ലാബിലെത്താൻ. പുതിയ കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ സജ്ജമാക്കാത്തതും വലിയ പ്രതിസന്ധിയാണ്. കാഷ്വാലിറ്റിയോടനുബന്ധിച്ച് അവശ്യസേവനങ്ങളിൽപെട്ടതാണ് സി.ടി സ്കാൻ. എന്തുകൊണ്ടാണ് കാഷ്വാലിറ്റിയുടെ ഭാഗമായി സി.ടി ഇല്ലാത്തതെന്ന് വ്യക്തമല്ല. അത്യാഹിതവിഭാഗത്തിൽ അത്യാവശ്യസൗകര്യങ്ങളിൽപെട്ടതാണ് എക്സ്-റേയും സി.ടി സ്കാനിങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.