കോഴിക്കോട്: ദമ്പതികളെ കിടപ്പുമുറിക്കുള്ളിൽ ബന്ദിയാക്കി മകളുടെ കൈയിലെ സ്വർണാഭരണം കവർന്നതടക്കം വലിയങ്ങാടി മേഖലയിലെ തുടർ മോഷണങ്ങളിൽ തുമ്പ് ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മൂന്നു മാസത്തിനിടെ ഈ മേഖലയിൽ 15ലേറെ മോഷണങ്ങളാണ് നടന്നത്. വലിയങ്ങാടിയിലെ കടകളുടെ ഷട്ടറുകൾ തകർത്തായിരുന്നു മോഷണങ്ങളിലേറെയും. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും പ്രതികളുടേതെന്ന് സംശയിക്കുന്ന കൃത്യമായ ചിത്രങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. മുമ്പ് കവർച്ച കേസുകളിൽ പ്രതിയായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണമിപ്പോൾ പുരോഗമിക്കുന്നത്. ഈ മേഖലയിലുള്ളവർ തന്നെയാകാം കവർച്ചകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതിനാൽ മഫ്തിയിൽ മിക്കസമയവും പൊലീസ് സാന്നിധ്യമുണ്ടിവിടെ.
രണ്ടാഴ്ച മുമ്പാണ് ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മുളകുപൊടി വിതറി മൽപിടിത്തത്തിനിടെ യുവതിയുടെ ബ്രേസ്ലറ്റ് കവർന്നത്. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിെൻറ വീട്ടിലായിരുന്നു കവർച്ച. ജനൽ അഴികൾ മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാവ് സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഷാൾ ഉപയോഗിച്ച് കെട്ടിയശേഷം
മറ്റൊരു മുറിയിലുറങ്ങിയ മകൾ ആയിഷയുടെ ബ്രേസ്ലറ്റ് കവരുകയുമായിരുന്നു. ഇതേ ദിവസം വലിയങ്ങാടിയിെല ഓയിൽ മില്ലിൽ കവർച്ചയും തൊട്ടടുത്തുള്ള അരിക്കടയിൽ കവർച്ചശ്രമവും നടന്നു. മൂന്നിടത്തെയും കവർച്ചക്ക് പിന്നിൽ ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓട് പൊളിച്ച് സി.വി.ആർ ഓയിൽ ഇൻഡസ്ട്രീസിൽ കടന്ന മോഷ്ടാവ് മേശയിൽനിന്ന് 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലുമാണ് കവർന്നത്.
ഇവിടത്തെ സി.സി.ടി.വി കാമറ തകർത്ത മോഷ്ടാവ് ഇരുസ്ഥാപനങ്ങളെയും വേർതിരിക്കുന്ന ഗ്രില്ല് തകർത്താണ് ഇ.കെ. മൊയ്തീൻ േകായ ആൻഡ് സൺസ് എന്ന അരിക്കടയിൽ കയറിയത്.ദിവസങ്ങൾക്കുമുമ്പ് വലിയങ്ങാടിയിലെ ബഷീർ ട്രേഡേഴ്സിൽനിന്ന് 25,000 രൂപയും സീപത്തെ പള്ളിപ്പുറം ബ്രദേഴ്സിൽനിന്ന് 5000 രൂപയും കവർന്നത് ഒരമിച്ചാണ്. പള്ളിപ്പുറം ബ്രദേഴ്സിലെ സി.സി.ടി.വി കാമറ തകർത്ത മോഷ്ടാവ് ഡി.വി.ആർ എടുത്തുെകാണ്ടുപോവുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് പ്രദേശത്തെ എട്ട് കടകളുടെ പൂട്ടും മോഷ്ടാക്കൾ തകർത്തു.
ശക്തമായ നടപടി വേണമെന്ന് വ്യാപാരികൾ
കോഴിക്കോട്: വലിയങ്ങാടി മേഖലയിലെ മോഷണപരമ്പരയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കുന്നത് വൈകുന്നതിനെതിരെ വ്യാപാരികൾ. നിരവധി കടകളിൽ മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാനാകാത്തത് അപലപനീയമാണെന്ന് ദി കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് കാൻവാസിങ് ഏജൻറ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വലിയങ്ങാടിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും രാത്രി പട്രോളിങ് ശക്തമാക്കണമെന്നും വലിയങ്ങാടി, ചെറൂട്ടി റോഡ്, പഴയ പാസ്പോർട്ട് ഓഫിസ് പരിസരം എന്നിവിടങ്ങിലെ ലഹരി വിൽപന നിർത്തലാക്കാൻ പൊലീസ് ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് സി.എച്ച്. ഷാജഹാൻ, സെക്രട്ടറി വി.പി. അബ്ദുൽ റസാഖ്, എം.പി. അബ്ദുൽ സലാം, ഇബ്രാഹീം, അബദുൽ റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.