കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ ചേരുന്ന അവലോകന യോഗത്തിൽ ചർച്ചചെയ്യാൻ ജില്ലയുടെ വികസന വിഷയങ്ങളേറെയാണ്.
തുരങ്കപാത, മെഡിക്കൽ കോളജ് വികസനവും ജീവനക്കാരുടെ കുറവും, മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡടക്കം നഗരപാതകളുടെ വികസനം, നഗരത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കൽ, പുതിയ പൊലീസ് ബറ്റാലിയന് ആസ്ഥാനം, ബീച്ച് ഫയർ സ്റ്റേഷന് കെട്ടിടനിർമാണം, നാളികേര വിലയിടിവ്, ‘കരുതലും കൈത്താങ്ങും’ അദാലത്തിലെ അവശേഷിക്കുന്ന പരാതികൾ തീർപ്പാക്കൽ, ബേപ്പൂർ തുറമുഖ വികസനം, ഞെളിയൻപറമ്പ് പ്ലാന്റ് തുടങ്ങിയവയാണിവ. മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധപതിയേണ്ട വികസന കാര്യങ്ങളെയും പദ്ധതികളെയും കുറിച്ച്...
കോഴിക്കോട്: നഗരത്തിന്റെ അഗ്നിസുരക്ഷയിൽ ഒന്നാം സ്ഥാനത്തുള്ള ബീച്ച് ഫയർ സ്റ്റേഷനെ ‘വെട്ടിമുറിച്ച് നാടുകടത്തിയത്’ വലിയ പ്രതിസന്ധിയാണ്. സ്വന്തം കെട്ടിടം ശോച്യാവസ്ഥയിലായതോടെ യൂനിറ്റുകളെ കൊയിലാണ്ടി, മുക്കം, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ഒരു യൂനിറ്റ് മാത്രമാണ് ബീച്ചിലുള്ളത്. ഇതോടെ മിഠായിത്തെരുവ് അടക്കമുള്ള നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ തീപിടിത്തമുണ്ടായാൽ യൂനിറ്റുകൾ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് വരേണ്ട സ്ഥിതിയാണ്. നഗരത്തിൽ താൽക്കാലിക സൗകര്യമൊരുക്കി സ്റ്റേഷനെ പൂർണമായി നിലനിർത്താൻ സംവിധാനമുണ്ടാക്കാത്തതാണ് പ്രതിസന്ധി.
വെള്ളയിലെ ഫിഷറീസ് മേഖല ഓഫിസ് വളപ്പിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് ലഭ്യമാക്കിയിരുന്നുവെങ്കിലും പിന്നീട് ഇവിടെനിന്ന് ഫയർ ഫോഴ്സിനോട് ഒഴിയാൻ ജില്ല കലക്ടർ എ. ഗീത തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കോർപറേഷൻ സ്റ്റേഡിയം വളപ്പിലെ സ്ഥലവും പരിഗണിച്ചെങ്കിലും ലഭ്യമായില്ല.
ഇതോടെയാണ് മറ്റിടങ്ങളിലേക്ക് യൂനിറ്റിനെ മാറ്റിയത്. അടിക്കടി തീപിടിത്തമുണ്ടാകുന്ന നഗരം കൂടിയാണ് കോഴിക്കോട് എന്നതിനാൽ ബീച്ച് ഫയർഫോഴ്സിന്റെ മുഴുവൻ യൂനിറ്റുകളും നഗരത്തിൽ തന്നെ നിലനിർത്തണമെന്നാണ് വ്യാപാരികളിൽ നിന്നടക്കം ഉയരുന്ന ആവശ്യം. ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 17 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും ഇതിന്റെ നടപടികൾ തുടങ്ങിയിട്ടില്ല.
അദാലത്തിലെ പരാതികൾക്ക് പരിഹാരമുണ്ടാവാത്തതിനെതിരെ വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നതോടെ ജില്ലയുടെ ചുമതലകൂടി വഹിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ‘കരുതലും കൈത്താങ്ങും’ അവലോകന യോഗം ചേരുകയും പരാതികൾ ഉദ്യോഗസ്ഥർ വെച്ചുതാമസിപ്പിക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാലിതും ജലരേഖയാവുന്ന സ്ഥിതിയാണുണ്ടായത്.
സ്കൂൾ മൈതാനങ്ങളിലടക്കം വൻ പന്തലും നിരവധി കൗണ്ടറും മറ്റു സൗകര്യവുമൊരുക്കി എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ മുഴുസമയവും അണിനിരത്തി വലിയ മുന്നൊരുക്കത്തോടെ നടത്തിയ അദാലത്തിന്റെ ലക്ഷ്യത്തെ തകർക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവുന്നതെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് അനുവദിച്ച പൊലീസ് ബറ്റാലിയന് രണ്ടര വർഷമായിട്ടും ആസ്ഥാനമായില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് ഐ.എ.പി ആറാം ബറ്റാലിയൻ രൂപവത്കരിക്കാൻ 2021 ഫെബ്രുവരിയിലാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. സിറ്റി, റൂറൽ പൊലീസ് ജില്ലകളുടെ ഫീഡർ ബറ്റാലിയനാണ് ലക്ഷ്യമിട്ടത്.
ബറ്റാലിയൻ ആരംഭിച്ചെങ്കിലും കമാൻഡന്റ് ചുമതല ആദ്യം എം.എസ്.പി കമാൻഡന്റിനും പിന്നീടിത് നാലാം ബറ്റാലിയൻ കമാൻഡന്റിനുമായിരുന്നു. ആസ്ഥാനമായി കിനാലൂരിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയാണ് ആദ്യം നിശ്ചയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചെങ്കിലും ഇവിടം എയിംസിനായി മാറ്റിവെച്ചു. ഇതോടെ റൂറൽ പരിധിയിലെ മറ്റുപല സ്ഥലങ്ങളും പരിശോധിച്ചെങ്കിലും ഒന്നും ശരിയായില്ല.
നിലവിൽ ആസ്ഥാനമില്ലാത്ത ബറ്റാലിയനായി ആറാം ബറ്റാലിയൻ തുടരുകയാണ്. കോഴിക്കോടിന്റെ ഫീഡർ ബറ്റാലിയനായി പ്രവർത്തിക്കുന്നത് എം.എസ്.പിയാണ്. പുതിയ ബറ്റാലിയൻ വരുന്നതോടെ എം.എസ്.പി മലപ്പുറത്തിന് മാത്രമാകുമെന്നുമായിരുന്നു കണക്കുകൂട്ടൽ. ആസ്ഥാനമില്ലാത്തതോടെ ബറ്റാലിയന്റെ ശക്തമായ സേവനം സേനക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. പെട്ടെന്ന് ഭൂമി ലഭ്യമാക്കാനായാൽ ബറ്റാലിയന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും ജില്ലയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനുമാവും.
കോഴിക്കോട്: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താലൂക്കുതല അദാലത്തുകളിലെ മാറ്റിവെക്കപ്പെട്ട പരാതികളിൽ പലതിനും ഇതുവരെ പരിഹാരമായില്ല. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിൽ മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് പരാതികൾ നേരിട്ട് കേട്ടത്.
‘സ്പോട്ടിൽ’ തീർക്കാവുന്നവക്ക് നിരവധി മന്ത്രിമാർ തന്നെ പരിഹാരമുണ്ടാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ നോട്ടെഴുതിയ പരാതികളിൽ മിക്കതിനുമാണ് ഇപ്പോഴും തീർപ്പുണ്ടാവാത്തത്. ഇതോടെ പരാതിക്കാർ വീണ്ടും ഓഫിസുകൾ കയറിയിറങ്ങുകയാണ്.
പരാതിയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച തുടർനടപടി മൊബൈലിൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന നിർദേശവും പലയിടത്തും നടപ്പായില്ല.
സർക്കാർ അനുവദിച്ച മൂന്നു സെന്റ് ഭൂമിയിൽ വീടുണ്ടാക്കാനുള്ള അപേക്ഷയുമായി പത്തു വർഷമായി ഓഫിസുകൾ കയറിയിറങ്ങുന്നുവെന്നും താലൂക്കുതല അദാലത്തിൽ പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടായില്ലെന്നും കുരുവട്ടൂർ സ്വദേശിനി ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമി ചരിഞ്ഞതായതിനാൽ വീടിന് പെർമിറ്റ് ലഭിക്കുന്നില്ല. അതിനാൽ ഇത് വീണ്ടെടുത്ത് മറ്റൊരു ഭൂമി നൽകാനുള്ള ആവശ്യത്തിനാണ് രണ്ടു പെൺമക്കൾ മാത്രമുള്ള ഇവർ ഓഫിസുകൾ കയറിയിറങ്ങുന്നത്.
കോഴിക്കോട്: മലബാറിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർമാർ മരുന്നിന് മാത്രം. പരിചരണത്തിന് നഴ്സുമാരും കുറവാണ്. മെഡിക്കൽ കോളജിൽ 80 ഡോക്ടർമാരുടെ കുറവാണ് അനുഭവപ്പെടുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 100ലധികം നഴ്സുമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
1962ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇത്രയും ഒഴിവുകൾ നിലനിൽക്കുന്നത്. അതിനുശേഷം രോഗികളുടെ എണ്ണവും ചികിത്സാ സൗകര്യങ്ങളും വർധിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. പ്രഫസർ, അസോസിയറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി 469 സ്ഥിരം തസ്തികകളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഉള്ളത്.
ഇതിൽ 389 പേർ മാത്രമാണ് ഇപ്പോഴുള്ളത്. മെഡിക്കൽ കോളജിൽ പുതിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും പിന്നീട് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗവും വന്നെങ്കിലും ഒരു അധിക തസ്തികപോലും അനുവദിക്കപ്പെട്ടിട്ടില്ല. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് നിരവധി തവണ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
കോഴിക്കോട്: നഗരം ഉൾപ്പെട്ട നിയമസഭ മണ്ഡലങ്ങളിലെ മൂന്ന് എം.എൽ.എമാരും മന്ത്രിമാരാവുകയും മുൻ മേയർ നാലാമത്തെ എം.എൽ.എയുമായപ്പോഴുയർന്ന പ്രതീക്ഷക്കൊത്ത് വികസനം വന്നില്ലെന്ന പരാതി കോഴിക്കോട്ടുകാർക്കുണ്ട്. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡടക്കം നഗരപാതകളുടെ അടുത്തഘട്ടം നവീകരണം ഇപ്പോഴും തുടങ്ങാനായില്ല. പണി തുടങ്ങിയ പുതിയപാലത്തെ പാലം പണി ഇഴയുന്നതായാണ് പരാതി.
ബേപ്പൂരിൽ എക്സ്പീരിയൻഷ്യൽ വിനോദസഞ്ചാരം നടപ്പാക്കുകവഴി ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്ന് ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. സംസ്ഥാനത്ത് ഏഴ് ടൂറിസം ഇടനാഴികൾ സൃഷ്ടിക്കുന്നതിൽ ഒന്ന് ബേപ്പൂരിലാവുമെന്നും പ്രഖ്യാപനമുണ്ടായി. ബേപ്പൂർ തുറമുഖത്തിന് കപ്പലുകൾ അടുക്കാനും മറ്റുമുള്ള അടിസ്ഥാന വികസനപദ്ധതിക്കായി മറ്റ് തുറമുഖങ്ങൾക്കൊപ്പം മൊത്തം 40.5 കോടി നീക്കിവെച്ചിരുന്നു.
ബേപ്പൂരിലെ ബഷീർ സ്മാരകം പണി വേഗത്തിലാക്കണം. കോഴിക്കോട് നഗരത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൽട്ടന്റിനെ നിയമിക്കാനും സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും നിലവാരമുയർത്താനുള്ള പദ്ധതിയിൽ കോഴിക്കോടിനെ ഉൾപ്പെടുത്താനും ഈ ബജറ്റ് പ്രഖ്യാപനമുള്ളതാണ്. നഗരത്തിലെ പാർക്കിങ് പ്ലാസകളുടെ പണിയും മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണവുമെല്ലാം കോർപറേഷന്റെ പദ്ധതികളാണെങ്കിലും സർക്കാർ പിന്തുണ ആവശ്യമാണ്.
നഗരത്തിന്റെ മുഖ്യ ആവശ്യമായ ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണ പ്ലാന്റ്, മാലിന്യം വൈദ്യുതിയാക്കുന്നതിൽനിന്ന് മാറ്റി മാലിന്യത്തിൽനിന്ന് പ്രകൃതി വാതകം ഉൽപാദിപ്പിക്കുന്നതാക്കിയത് വീണ്ടും പ്രതീക്ഷയുയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാതക പ്ലാന്റ് പണിക്കുള്ള നടപടി പെട്ടെന്നാക്കണം. മിഠായി തെരുവിന്റെ രണ്ടാം ഘട്ടം നവീകരണം, ബീച്ച് ആശുപത്രി നവീകരണം, ബൈപാസ് ആറുവരിപ്പാതയാക്കൽ തുടങ്ങിയവയിലും സർക്കാർ ഇടപെടൽ വേണം.
തിരുവമ്പാടി: വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി എന്നു തുടങ്ങും? സാങ്കേതിക കാര്യങ്ങൾ പൂർത്തിയായാൽ തുരങ്കപാത നിർമാണം തുടങ്ങാനാകുമെന്നാണ് കഴിഞ്ഞ ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. നിർമാണം എന്ന് തുടങ്ങുമെന്ന തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സാങ്കേതിക കാര്യങ്ങൾ പൂർത്തിയാകാനുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചത്.
പാതക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ 11.2 ഹെക്ടറും വയനാട് ജില്ലയിൽ 10 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഇരു ജില്ലകളിലുമായി 31 കർഷകരാണ് സ്ഥലം വിട്ടുനൽകേണ്ടത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ നടപടികളിലാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
2100 കോടി രൂപയാണ് തുരങ്കപാതക്ക് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷൻ സർവേ നടപടികൾ പൂർത്തീകരിച്ചിരുന്നു. 8.7 കി.മീ ദൂരമാണ് തുരങ്കം നിർമിക്കേണ്ടത്. പദ്ധതിയുടെ പരിസ്ഥിതി-സാമൂഹികാഘാത പഠനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
തുരങ്കപാതക്ക് നോർവീജിയൻ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നോർവേ വിദഗ്ധസംഘം ആനക്കാംപൊയിൽ മറിപ്പുഴ സന്ദർശിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും പദ്ധതിക്ക് വേണ്ടിവരും.
കോഴിക്കോട്: തുടർച്ചയായി നിപ ആവർത്തിക്കുന്ന ജില്ലയിൽ ഇതുവരെ വൈറസ്ബാധ സ്ഥിരീകരിക്കുന്നതിനുള്ള ബയോസേഫ്റ്റി ലെവൽ -3(ബി.എസ്.എൽ-3) ലാബ് ഇതുവരെ യാഥാർഥ്യമായില്ല. കേന്ദ്ര സർക്കാർ അനുവദിച്ച ലാബിന്റെ നിർമാണപ്രവർത്തനങ്ങൾ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നടത്തുന്നത്. കോവിഡും മറ്റു പല കാരണങ്ങളും പറഞ്ഞ് നിർമാണം അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ്.
കഴിഞ്ഞ മാസവും ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ രോഗം സ്ഥിരീകരിക്കാൻ പുണെ വൈറോളജി ലാബിൽനിന്നുള്ള ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നത് ഏറെ പ്രയാസത്തിനിടയാക്കിയിരുന്നു. ഇതിൽ സംസ്ഥാന ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.