കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമെത്രയോ ആയി. പക്ഷെ അതുവരെ പാളയത്തെ തൊഴിലാളികൾക്കും ഇവിടെ എത്തുന്നവർക്കും വൃത്തിയും വെടിപ്പുമുള്ള ശുചിമുറി വേണ്ടേ? തൊഴിലാളികളും വ്യാപാരികളുമായി 1,500 ഓളം പേർ രാവും പകലും കഴിച്ചുകൂട്ടുന്ന പാളയം പച്ചക്കറി മാർക്കറ്റിൽ ഒരു കടയുടെ ചരുവിൽ ആകെ മൂന്ന് ശുചിമുറിയാണ് ഒരുക്കിയത്. പൊതുജനങ്ങൾക്കാവട്ടെ ഇവിടെ ഇങ്ങനെ ഒരു ശുചിമുറി ഉണ്ടെന്ന് കണ്ടെത്താനാവില്ല. തൊഴിലാളികൾക്ക് കോരിക്കുളിക്കാൻ ഒരു കിണറുള്ളതാണ് ആശ്വാസം. നഗരത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ പാളയത്ത് ഏറ്റുവും തിരക്ക് അനുഭവപ്പെടുന്നത് രാത്രി 12 മണി മുതലാണ്. പച്ചക്കറി ലോറികൾ വന്ന് ചരക്കിറക്കുന്നത് പുലർച്ചെയാണ്. നാലു മണിയോടെ കടകൾ സജീവമാവും. ആയിരത്തിനടുത്ത് തൊഴിലാളികൾ ആ സമയത്ത് ഇവിടെ ഉണ്ടാവും. ഇവർക്കാവശ്യമായ ശുചിമുറിയോ വിശ്രമകേന്ദ്രമോ ഇവിടെയില്ല. അടുത്ത കാലം വരെ വലിയ പരാതിയായിരുന്നു ശുചിമുറി സംബന്ധിച്ച്. മാർക്കറ്റ് ഇവിടെ നിന്നും മാറ്റുമെന്നും മികച്ച സൗകര്യങ്ങൾ അവിടെയുണ്ടാവുമെന്നുമാണ് അധികൃതർ പറയുന്നത്.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് എറ്റവും പരിഗണന നൽകേണ്ട മാർക്കറ്റിൽ എന്തുകൊണ്ടാണ് ഇത്ര അവഗണനയെന്ന് തൊഴിലാളികൾ ചോദിക്കുന്നു. മനുഷ്യന് പ്രാഥമിക കൃത്യം നടത്തുകയെന്നത് പിന്നേക്ക് മാറ്റിവെക്കാവുന്ന കാര്യമാണോ? സർക്കാറിെൻറ വികസന കാഴ്ചപ്പാട് എന്നാണ് മാറുകയെന്ന ചോദ്യമാണ് സർക്കാറിനെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനകളുടെ ആളുകൾ പോലും ചോദിക്കുന്നത്.
പ്രാഥമികാവശ്യങ്ങൾക്ക് പരക്കം പായുന്ന നിരവധി പേരെ ഇവിടെ കണ്ടുമുട്ടാറുണ്ടെന്ന് ചുമട്ടു തൊഴിലാളിയായ അനിൽ കുമാർ പറഞ്ഞു. ഇവിടെ കാണിച്ചുകൊടുക്കാനുള്ള ശുചിമുറിയുടെ അവസ്ഥ ദയനീയമാണ്. കണക്കിലധികം ആളുകൾ ഉപയോഗിക്കുന്നതിനാൽ വൃത്തി തീരെയില്ല. സ്ത്രീകൾക്ക് പ്രത്യേക ശുചിമുറിയില്ല. ഗുണനിലവാരം കുറഞ്ഞ ടൈൽസ് കറപിടിച്ച് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഒരുവിധം പറ്റുമെങ്കിൽ ഇതുവഴിയാരും വരില്ല.മനുഷ്യെൻറ ഏറ്റവും അടിസ്ഥാന ആവശ്യമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. ഞങ്ങൾക്കിത്രയൊക്കെ സൗകര്യങ്ങൾ ലഭിക്കാനേ അർഹതയുള്ളൂ എന്ന തോന്നലാണ് തൊഴിലാളികൾക്ക്. അധികൃതരുടെ അനാസ്ഥ മൂലം അവരുട മാനസികാവസ്ഥ അങ്ങനെയായിപ്പോയി.
സുന്ദര ശുചിത്വ നഗരവത്കരണത്തിെൻറ കാലത്ത് വലിയൊരു തൊഴിൽ േമഖലയെ എത്ര അവഗണനയോടെയാണ് സർക്കാർ കാണുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് പാളയം മാർക്കറ്റിെൻറ ദുരവസ്ഥ.
തമ്മിൽ ഭേദം പാളയം
ബസ് സ്റ്റാൻഡിലെ
ശുചിമുറി
പാളയം ബസ് സ്റ്റാൻഡിൽ താരതമ്യേന നല്ലൊരു ശുചിമുറി കാണാനായി. പ്രതിദിനം ആയിരത്തോളം പേർ ആശ്രയിക്കുന്ന ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി അഞ്ച് വീതം മുറികളാണ് ഉള്ളത്. ബസ് സ്റ്റാൻഡ് ആയിട്ടുപോലും ഭിന്ന ശേഷിക്കാർക്ക് പ്രത്യേക ശുചിമുറിയില്ല. യൂറോപ്യൻ ക്ലോസറ്റ് ഒന്നിലുമില്ല. പക്ഷെ പരമാവധി വൃത്തിയിലും വെടിപ്പിലും കൊണ്ടു നടക്കുകയാണെന്ന് ഇവിടുത്തെ തൊഴിലാളിയായ കല്യാണ കുമാർ പറയുന്നു. ഇവിടെ നിലവിലുള്ളതിെൻറ മുന്നിരട്ടി ശുചിമുറികൾ വേണമെന്ന് അദ്ദേഹം പറഞ്ഞു.
കോർപറേഷൻ ശുചിമുറി ലേലത്തിന് എടുത്ത് നടത്തുകയാണ് സ്വകാര്യഗ്രൂപ്. പണമടച്ചുവേണം ഇതുപയോഗിക്കാൻ. പക്ഷേ കാലോചിതമായ രീതിയിൽ ബാത്ത് റൂം നവീകരിക്കാത്തതിനാൽ എത്ര വൃത്തിയാക്കിയാലും അതിന് പരിമിതിയുണ്ട്. ചുരുങ്ങിയത് പത്തു വർഷം കൂടുേമ്പാഴെങ്കിലും പൂർണമായ നവീകരണം വേണം. എങ്കിലേ പരിഷ്കൃത നഗരത്തിന് അനുയോജ്യമായ ശുചിമുറിയായി മാറൂ. അതു മാത്രമല്ല ചുരുങ്ങിയ സൗകര്യം കൂടുതൽ പേർ ഉപയോഗിക്കുന്നതിെൻറ പ്രശ്നവുമുണ്ടെന്ന് പാളയത്തെ വ്യാപാരിയായ അബ്ദുൽ കരീം പറയുന്നു. തൊഴിലാളികൾക്കും വ്യാപാരികൾക്കും അർഹമായ പരിഗണന അടിസ്ഥാന വിഷയത്തിൽ ഉണ്ടാവണമെന്ന് അബ്ദുൽ കരീം ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് പാളയം മാർക്കറ്റിൽ ജോലി സാധ്യതയുണ്ട്. അവർക്കാവശ്യമായ സൗകര്യം ഇവിടെയില്ലാത്തതിനാൽ പാളയത്തെ ജോലിയെ കുറിച്ച് സ്ത്രീകൾ ചിന്തിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.