വടകര: കോടികൾ ചെലവഴിച്ച് മുഖം മിനുക്കിയെന്ന് അവകാശപ്പെടുന്ന സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റത് അധികൃതരുടെ തികഞ്ഞ അനാസ്ഥ. പുല്ലു മൂടിക്കിടക്കുന്ന സാൻഡ് ബാങ്ക്സ് ശുചീകരിക്കാനോ പ്രവൃത്തിയുടെ ഭാഗമായി നേരത്തേ പൊളിച്ചുമാറ്റിയ പൂട്ടുകട്ടകൾ എടുത്തുമാറ്റാനോ അധികൃതർക്ക് കഴിയാത്തതാണ് സാൻഡ് ബാങ്ക്സ് ഇഴജീവികളുടെ താവളമായി മാറാനിടയാക്കിയത്. ചൊവ്വാഴ്ച വയനാട്ടിൽ നിന്നെത്തിയ വിനോദയാത്ര സംഘത്തിലെ വിദ്യാർഥിനിയെയാണ് സാൻഡ് ബാങ്ക്സിൽവെച്ച് ഉഗ്രവിഷമുള്ള അണലി കടിച്ചത്. സാൻഡ് ബാങ്ക്സിന് ചുറ്റുപാടുള്ള ഭാഗങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. പാമ്പുകൾക്കു പുറമെ മുള്ളൻപന്നി, ഉടുമ്പ്, കാട്ടുപൂച്ച തുടങ്ങിയ ജീവികളുടെയും വിഹാര കേന്ദ്രമായി സാൻഡ് ബാങ്ക്സ് മാറിയിട്ടുണ്ട്.
കുട്ടിയെ പാമ്പ് കടിച്ചതോടെ ബുധനാഴ്ച സാൻഡ് ബാങ്ക്സിനകത്തെ പുല്ലുകൾ അധികൃതർ വെട്ടി മാറ്റുകയുണ്ടായി. സാൻഡ് ബാങ്ക്സ് പുല്ല് മൂടിയത് സംബന്ധിച്ച് മാധ്യമം നേരത്തേ വാർത്ത നൽകിയിരുന്നു. പഴയ സിമന്റ് കട്ടകൾ സൂക്ഷിച്ച ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റുകൾ തകർന്നുകിടക്കുന്നത് സഞ്ചാരികളുടെ ജീവന് ഭീഷണിയാണ്. സാൻഡ് ബാങ്ക്സിലെ സന്ദർശന സമയം കഴിഞ്ഞു പുറത്തിറങ്ങുന്നവർ കാത്ത് നിൽക്കുക ഇവിടെയാണ്. ഈ ഭാഗത്ത് രാത്രിയാകുന്നതോടെ വെളിച്ചമില്ല. പഴയ സിമന്റ് കട്ടകൾക്കിടയിലാണ് പലപ്പോഴായും പാമ്പുകളെ കണ്ടുവരുന്നതെന്ന് സമീപവാസികൾ പറയുന്നു. സാൻഡ് ബാങ്ക്സിന്റെ അഴിമുഖത്തോട് ചേർന്നു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കത്തുന്നില്ല.
മത്സ്യബന്ധന തൊഴിലാളികൾക്കടക്കം ഏറെ ഉപകാരപ്രദമായിരുന്നു ഹൈമാസ്റ്റ് ലൈറ്റ്. പാർക്കിനകത്തെ വെളിച്ചക്കുറവും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഒരേക്കറിലധികം വ്യാപിച്ചുകിടക്കുന്ന സാൻഡ് ബാങ്ക്സിൽ രണ്ടു ശുചീകരണ തൊഴിലാളികളാണുള്ളത്. ഇത്രയും വലിയ സ്ഥലത്ത് ഒരുമിച്ച് ശുചീകരിക്കാൻ തൊഴിലാളികൾക്ക് കഴിയാത്ത അവസ്ഥയുമുണ്ട്. കടലോര ശുചീകരണം നേരത്തേ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇടക്ക് നടക്കാറുണ്ടായിരുന്നു. നിലവിൽ മുടങ്ങിക്കിടക്കുന്നത് കടലോരം മലിനമാകാനിടയാക്കിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ കെടുകാര്യസ്ഥതയിൽ പ്രകൃതി കനിഞ്ഞരുളിയ മനോഹര തീരത്തോട് സഞ്ചാരികൾക്ക് മുഖംതിരിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.