വടകര: വിലത്തകർച്ചയിൽ നട്ടംതിരിയുന്ന നാളികേര കർഷകന് ആശ്വാസമായി കൊപ്രവിലയിൽ മാറ്റം പ്രകടമാകുന്നു. കൊപ്രയുടെ താങ്ങുവില പ്രഖ്യാപനം വന്നതിനു പിന്നാലെ വിപണിവിലയിൽ ചെറിയ മാറ്റം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
കൊപ്രക്ക് കേന്ദ്ര സർക്കാർ താങ്ങുവില പ്രഖ്യാപിച്ചത് അടുത്ത സീസൺ മുതലാണെങ്കിലും കൂപ്പുകുത്തിയ കൊപ്രയുടെ വില പതിയെ കയറിത്തുടങ്ങിയതാണ് ആശ്വാസമാകുന്നത്. കഴിഞ്ഞ മാസം ആദ്യം കൊപ്ര രാജാപൂരിന് ക്വിന്റലിന് വില 9500ൽ താഴെയായിരുന്നു. കഴിഞ്ഞ ദിവസം മാർക്കറ്റിൽ രാജാപൂരിന് 10,600 ആയി. ഉണ്ടക്കൊപ്ര വിലയിലും വർധനയുണ്ടായിട്ടുണ്ട്. ഉണ്ടക്കൊപ്ര ക്വിന്റലിന് 9100ൽ എത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കിടെ വില ഏറിയും കുറഞ്ഞുമായി വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഉണ്ടക്കൊപ്ര വില 8000ത്തിലേക്ക് കൂപ്പുകുത്തിയ സ്ഥിതിവിശേഷമുണ്ടായിരുന്നു. മിൽകൊപ്ര വില ക്വിന്റലിന് 9900ൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ വർഷം 9000 രൂപയായിരുന്നു വില. കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ മിൽകൊപ്രക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും ഉണ്ടക്കൊപ്രക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
പച്ചത്തേങ്ങയുടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്. 2500ലേക്ക് താഴ്ന്ന പച്ചത്തേങ്ങ വില 3000ത്തിൽ എത്തിനിൽക്കുകയാണ്. കൊപ്രവിലയിൽ ചെറിയ മാറ്റം പ്രകടമാണെങ്കിലും മാർക്കറ്റിൽ വരവ് കുറവാണ്. നാളികേരത്തിന്റെ ഉൽപാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് വരവു കുറയാനിടയാക്കിയത്.
രോഗവും വിലത്തകർച്ചയും കർഷകരെ വലിയ തോതിൽ കൃഷിയിൽനിന്ന് പിറകോട്ടടിപ്പിച്ചതാണ് ഉൽപാദനം ഗണ്യമായി കുറയാനിടയാക്കിയത്.നാളികേര കർഷകന് ആശ്വാസം കൊപ്രവിലയിൽ മാറ്റം പ്രകടമാകുന്നുശനിയാഴ്ച കുരുമുളക് ക്വിന്റലിന് 56,000, അടക്ക പഴയതിന് 35,500 എന്നിങ്ങനെയാണ് വില. അടക്കവില മാസങ്ങളായി വലിയ മാറ്റമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.