വടകര: സാൻഡ്ബാങ്ക്സിലെ നിർമാണ പ്രവൃത്തിയിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. സാൻഡ്ബാങ്ക്സിൽ സ്ഥാപിച്ച ബോട്ടുജെട്ടി മൂന്നു തവണ തകർന്നതും തകർന്ന ബോട്ടുജെട്ടിയുടെ ഫ്ലോട്ടിങ് ഉപകരണങ്ങൾ നഷ്ടപ്പെട്ടതും പരിശോധിച്ചു.
തകർന്ന ബോട്ടുജെട്ടിയുടെ ഭാഗങ്ങൾ പരിശോധനക്കെടുത്തു. ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ഭാഗങ്ങൾ പലതും പൂർത്തീകരിക്കാതെ കിടക്കുകയും അഴിമതി ആരോപണം നിലനിൽക്കുന്നതുമാണ്. സാൻഡ്ബാങ്ക്സ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ചുറ്റുവേലിയടക്കം ഗുണനിലവാരം കുറഞ്ഞതാണെന്ന് ആക്ഷേപമുയർന്നിരുന്നു.
സാൻഡ്ബാങ്ക്സിൽ സ്ഥാപിച്ച ഹാൻഡ് റെയിലിന് നിലവാരമില്ലാത്ത സ്റ്റീൽ പൈപ്പ് വെച്ചത് രണ്ടു തവണ മാറ്റിസ്ഥാപിക്കേണ്ടിവന്നതും തുരുമ്പ് ഉരച്ച് സ്റ്റീൽ മാറ്റിവെച്ചതും അധികൃതർ പരിശോധന നടത്തി. ബോട്ടുജെട്ടി അഴിമുഖത്തോടു ചേർന്ന് നിർമിക്കുന്നത് പ്രായോഗികമല്ലെന്ന് മത്സ്യത്തൊഴിലാളികൾ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഒരുവിധ പഠനവും നടത്താതെ ബോട്ടുജെട്ടി നിർമിച്ചതിലൂടെ ലക്ഷങ്ങളാണ് വെള്ളത്തിലായത്. ഗ്രീൻ കാർപെറ്റ് പദ്ധതിയിലുൾപ്പെടുത്തി ലാൻഡ്സ്കേപ്പിങ്, ബോട്ടുജെട്ടി നിർമാണം, ശുചിമുറി, ജലവിതരണം, ഓപൺ ജിം, നടപ്പാതകൾ, വെളിച്ച സംവിധാനം എന്നീ നിർമാണ പ്രവർത്തനങ്ങൾക്കായി 2,26,98,818 രൂപയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.