വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദുരിതംപേറുന്നവർക്ക് പ്രതീക്ഷയേകി മൂന്ന് അടിപ്പാതകൾ നിർമിക്കാൻ അനുമതിയായി. കണ്ണൂക്കര, നാദാപുരം റോഡ്, പുതുപ്പണം എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിർമിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയത്. ഇതുസംബന്ധിച്ച് ഉത്തരവ് വൈകാതെ ഇറങ്ങും.
അടിപ്പാത നിർമിക്കാതെയുള്ള ദേശീയപാത നിർമാണത്തിനെതിരെ എം.പി, എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ അണിനിരത്തി ശക്തമായ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് അടിപ്പാത നിർമാണത്തിന് അനുമതിയായത്. ദേശീയപാത 66ന്റെ വികസനത്തോടനുബന്ധിച്ച് മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയിൽ നാലര കിലോമീറ്റർ ദൂരത്തെ ജനങ്ങളുടെ യാത്ര തടസ്സപ്പെടുന്ന രീതിയിലായിരുന്നു ദേശീയപാത നിർമാണം.
ഈഭാഗത്ത് പുതുപ്പണത്താണ് അടിപ്പാത അനുവദിച്ചത്. പുതുതായി അടിപ്പാത അനുവദിച്ച മൂന്നിടങ്ങളിലും നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങളും ജനപ്രതിനിധികളും നിരവധി പരാതികളാണ് നൽകിയത്.
ദേശീയപാതയിൽ അഴിയൂർ റീച്ചിൽ 13 സ്ഥലങ്ങളിൽ പ്രധാനമായും അടിപ്പാതയോ മേൽപാതയോ, ഫൂട്ട് ഓവർടേക്ക് ബ്രിഡ്ജോ വേണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ നേരത്തെ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.
ബാക്കിയുള്ള സ്ഥലങ്ങളിൽ കൂടി അടിപ്പാതയോ മേൽപാതയോ ഫൂട്ട് ഓവർടേക്ക് ബ്രിഡ്ജോ നിർമിച്ചാൽ ദുരിതത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.