വടകര: ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായി. മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെ അടിയന്തര സാഹചര്യത്തെ നേരിടാനാണ് പ്രത്യേക ദുരന്ത നിവാരണ സംഘത്തെ നിയോഗിച്ചത്. ജില്ല, താലൂക്ക് അധികൃതരോട് കെ.കെ. രമ എം.എൽ.എയും ആർ.ഡി.ഒ വിളിച്ച യോഗത്തിൽ ജനപ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
മഴ വരുന്നതോടെ ദേശീയപാതയിൽ വ്യാപക വെള്ളക്കെട്ടിന് സാധ്യത നിലനിൽക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി കെ.കെ. രമ എം.എൽ.എ അറിയിച്ചു. ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് വെള്ളക്കെട്ട് ഒഴിവാക്കാൻ സജ്ജമാവാൻ നിർദേശം നൽകിയിരുന്നു.
രണ്ടു സംഘത്തെ തീരുമാനിച്ചുള്ള അറിയിപ്പ് എൻ.എച്ച്.എ.ഐ ബന്ധപ്പെട്ട കൺസൽട്ടൻസിക്ക് കൈമാറി. കൺസൽട്ടൻസിയിലെ എൻജിനീയർമാരും പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം.
അഴിയൂർ മുതൽ പാലോളിപ്പാലം വരെ ഒരു സംഘവും മൂരാടുമുതൽ വെങ്ങളംവരെ മറ്റൊരു സംഘവും ഉണ്ടാകും. ആദ്യ സംഘത്തിൽ മൊത്തം 12 പേരുണ്ട്. രണ്ടാമത്തെ സംഘത്തിൽ 17 പേരും. മഴ ശക്തമാകുമ്പോൾ ഏതുസമയത്തും ഇവരുടെ സേവനം ലഭ്യമാകും. ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി പല ഭാഗങ്ങളും ഉഴുതുമറിച്ചിട്ടതിനാൽ എവിടെയൊക്കെ വെള്ളം ഇരച്ചുകയറുമെന്നതു സംബന്ധിച്ച് ഒരു രൂപവുമില്ല. അതുകൊണ്ടുതന്നെ പാതയോരത്തെ താമസക്കാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.