വടകര: നിയോജക മണ്ഡലത്തിലെ പ്രശസ്തമായ ചോമ്പാല മിനി സ്റ്റേഡിയം ഭീഷണിയിൽ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള വഴിയോര വിശ്രമകേന്ദ്രം സ്റ്റേഡിയത്തിനകത്ത് നിർമിക്കാനാണ് അഴിയൂര്‍ പഞ്ചായത്ത് ശ്രമം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. നിലവില്‍ ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്റ്റേഡിയത്തിെൻറ ഒരു ഭാഗം നഷ്ടമാകും.
ഇതോടൊപ്പം വിശ്രമകേന്ദ്രം പോലുള്ള നിർമാണ പ്രവൃത്തികള്‍ നടക്കുന്നത് സ്റ്റേഡിയത്തിെൻറ തകര്ച്ചക്കിടയാക്കുമെന്നാണ് പൊതുവിമര്‍ശനം. സ്റ്റേഡിയത്തിെൻറ കളിസ്ഥലം കവര്‍ന്ന്, വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കാനുള്ള അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് പ്രദേശവാസികളും, കലാ കായിക, സാംസ്കാരിക രംഗത്തുള്ളവരും ചേര്‍ന്ന് രൂപവത്കരിച്ച സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
മറ്റു അനുയോജ്യ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും സ്റ്റേഡിയത്തിനകത്തു തന്നെ കെട്ടിട നിർമാണം നടത്തണമെന്ന പിടിവാശി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ. കോയ അധ്യക്ഷത വഹിച്ചു.
പ്രമോദ് മാട്ടാണ്ടി, കെ.കെ. ജയന്, സാലിം പുനത്തില്‍, എ.ടി. മഹേഷ്, ഒ. ബാലന്, വി.പി. രമേശന്, പി. സുബി എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതി ഭാരവാഹികളായി പി.കെ. കോയ (ചെയര്‍.), സുജിത്ത് പുതിയോട്ടില്‍ (കണ്.), സി.കെ. സുജിത് (ട്രഷ.) തെരഞ്ഞെടുത്തു.
ചോമ്പാല മിനി സ്റ്റേഡിയത്തിെൻറ വികസനവും സംരക്ഷണവുമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. വഴിയോര വിശ്രമകേന്ദ്രം ചോമ്പാല മിനി സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ പഞ്ചായത്ത് ഭരണസമിതി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു.
നിലവിലെ ഭരണസമിതി അംഗങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിനെതിരെ എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ അംഗങ്ങള്‍ ചേര്‍ന്ന് സംരക്ഷണ സമിതി രൂപവത്കരിച്ചത് അപഹാസ്യമാണെന്ന് ജനകീയമുന്നണി അറിയിച്ചു. ചെയര്മാന് കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, ഇ.ടി. അയൂബ്, പ്രദീപ് ചോമ്പാല, വി.കെ. അനില്‍ കുമാര്‍, സി. സുഗതന്, ഹാരിസ് മുക്കാളി, കെ.പി. രവീന്ദ്രന്, ശ്രീജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.