വടകര: ഗ്രാമീണ മേഖലയിലെ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടലിന്റെ ഭാഗമായി റോഡുകൾ ഉഴുതുമറിക്കുന്നതിനെതിരെ പരാതി പ്രളയം. ഗ്രാമീണ മേഖലയിലെ മിക്കറോഡുകളും കുത്തിപ്പൊളിച്ചാണ് കുടിവെള്ള പൈപ്പിടൽ പുരോഗമിക്കുന്നത്.
അടുത്തിടെ ടാറിങ്ങും കോൺക്രീറ്റും ചെയ്ത റോഡുകളടക്കം വെട്ടിപ്പൊളിച്ച് മൺകൂനകളാക്കി മാറ്റിയിരിക്കുകയാണ്. വെട്ടിപ്പൊളിച്ച റോഡുകൾ യഥാവിധി നന്നാക്കാത്തതും കുടിവെള്ള കണക്ഷൻ നൽകാത്തതുമാണ് പരാതിക്കിടയാക്കുന്നത്.
നന്നാക്കുന്ന റോഡുകൾ പേരിനുമാത്രം കോൺക്രീറ്റ് ചെയ്യുകയാണ് പതിവ്. മഴപെയ്താൽ മിക്ക റോഡുകളും ചളിക്കളമായി കാൽനടപോലും ദുസ്സഹമാകുന്ന അവസ്ഥയാണ്. കരാറുകാർ തോന്നിയതുപോലെ റോഡ് കീറി തോന്നിയതുപോലെ പൈപ്പിടുന്ന സ്ഥിതിയാണ്. പൈപ്പിടുന്നതിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരാവട്ടെ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരായതിനാൽ പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുമില്ല.
നിരവധി വീടുകളിൽ പൈപ്പ് ലൈൻ വലിച്ചെങ്കിലും കുടിവെള്ള ടാപ്പ് സ്ഥാപിക്കാത്തതിനാൽ വെള്ളം പാഴാവുകയാണ്. ടാപ്പുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവരോട് വെള്ളം പാഴാവുന്നതൊഴിവാക്കാൻ പൈപ്പുകൾ കെട്ടിയിടുകയെന്ന വിചിത്രമായ മറുപടിയാണ് അധികൃതർ നൽകുന്നത്.
വീടുകളിലേക്ക് പൈപ്പ് വലിച്ച് കുടിവെള്ള കണക്ഷൻ നൽകിയതായി കരാറുകാർ കണക്കുകൾ ഹാജരാക്കുന്നതായും പരാതിയുണ്ട്. വെട്ടിപ്പൊളിക്കുന്ന റോഡുകൾ നന്നാക്കേണ്ടത് കരാറുകാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, പൈപ്പിടുകയെന്നല്ലാതെ പൂർവസ്ഥിതിയിലാക്കാൻ ഒരു നടപടിയുമുണ്ടാവുന്നില്ല. കീറിമുറിച്ച റോഡുകൾ പലയിടത്തും അപകടക്കുരുക്കാവുന്നുണ്ട്.
മാർച്ച് അവസാനമായതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള മിക്ക റോഡുകളുടെയും പ്രവൃത്തി നടക്കുകയാണ്. ഇതിനിടയിൽ കാരാറുകാരുടെ പ്രവൃത്തിക്കൊപ്പം ജൽജീവൻ പൈപ്പിടീപ്പിക്കുന്നത് ബുദ്ധിമുട്ടിനിടയാക്കുന്നതായി കരാറുകാർക്കും പരാതിയുണ്ട്. കരാറുകാർ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാതെ മുങ്ങാൻ കാരണമാകുന്നത് ഗ്രാമപഞ്ചായത്തുകളുടെ ജാഗ്രതക്കുറവാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.