വടകര: വടകര കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം കാർഷിക വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുന്നു. അസി. കൃഷി ഓഫിസർ, കൃഷി അസിസ്റ്റന്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പ്രവർത്തനത്തെ ബാധിച്ചത്. നഗരസഭക്ക് കീഴിൽ 2500 ഹെക്ടറിൽ തെങ്ങും 50 ഹെക്ടറിൽ നെല്ലും, 75 ഹെക്ടറിലായി വേനൽകാല പച്ചക്കറി കൃഷിയും ചെയ്തു വരുന്നുണ്ട്. മറ്റ് പ്രധാന വിളകളായി കുരുമുളക്, വാഴ, മാവ്, കമുക് തുടങ്ങിയവയും, ഇഞ്ചി, മഞ്ഞൾ, ചേന തുടങ്ങിയ ചെറിയ തോതിൽ ഇടവിളയായും കൃഷിചെയ്യുന്നുണ്ട്. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഉണർവുണ്ടാക്കാൻ കൃഷിഭവന്റെ സഹായത്തോടെ നഗരസഭക്ക് കഴിഞ്ഞിരുന്നു. നിലവിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ കാർഷിക മേഖലയിൽ കൃത്യമായ ഇടപെടലുകളുണ്ടാവുന്നില്ല.
നേരത്തെ താൽക്കാലികമായി കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരാളെ നിയമിച്ചപ്പോൾ നഗരസഭയിലെ തീരദേശ മേഖലയിലടക്കം തരിശു ഭൂമികൾ കൃഷിയിടമാക്കി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
നഗരസഭയിൽ മില്ലറ്റ് കൃഷിയിലേക്കടക്കം കർഷകർ ഒരു കൈ നോക്കാൻ ഇറങ്ങിയിട്ടുണ്ട്. എന്നാൽ,പ്രോത്സാഹനം നൽകാനും കൃഷിരീതികൾക്ക് മാർഗനിർദേശം നൽകാനും ആളില്ലാത്ത സ്ഥിതിയാണ്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ തൊട്ടടുത്ത ഗ്രാമപഞ്ചായത്തിൽനിന്ന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. കൃഷിഭവനിലെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാൻ നഗരസഭക്ക് കീഴിലെ 47 വാർഡുകളിലെയും പ്രവർത്തനങ്ങൾ മന്ദഗതിയിലായിട്ടുണ്ട്. തരിശു ഭൂമിയിൽ ഉൾപ്പെടെ നെൽകൃഷിയിൽ നൂറു മേനി വിളയിച്ച് നിരവധി കൃഷിയിടങ്ങൾ നഗരസഭക്ക് കീഴിലുണ്ട്.
ഇവിടങ്ങളിൽ മികച്ച രീതിയിൽ കൃഷിയിറക്കാൻ തസ്തികകളിലെ ഒഴിവുകൾ നികത്തേണ്ടത് അത്യാവശ്യമാണ്. ഇത് സംബന്ധിച്ച് കൃഷിമന്ത്രിക്ക് ഉൾപെടെ നിവേദനം നൽകി കാത്തിരിക്കുകയാണ്.
കുറ്റ്യാടി: ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട തെങ്ങിൻ തൈകൾ കൃഷിഭവനുകളിൽ വിതരണത്തിനെത്തിയത് വേനലാരംഭത്തിൽ. കഴിഞ്ഞ സീസണിൽ തൈകൾ കിട്ടാത്തതിനാൽ കർഷകർ മൂന്നും നാലും ഇരട്ടി വിലക്ക് സ്വകാര്യ ഫാമുകളിൽ നിന്ന് വാങ്ങിയാണ് നട്ടത്. കൃഷിഭവനുകളിൽ അമ്പത് രൂപ മാത്രമാണ് ഈടാക്കുന്നത്. ശേഷം, ആറുമാസം കഴിഞ്ഞ് തൈകൾ എത്തിയതുകണ്ട് മൂക്കത്ത് വിരൽവെക്കുകയാണ് കൃഷിക്കാർ.
കുന്നുമ്മൽ ബ്ലോക്കിലെ ആറ് കൃഷി ഭവനുകളിൽ അമ്പത് വീതവും മലയോര പഞ്ചായത്തായ കാവിലുമ്പാറയിലെ കൃഷി ഭവനിൽ 500 തൈകളുമാണ് എത്തിയത്. പ്ലാസ്റ്റിക് ബാഗുകളില്ലാതെ പറിച്ചെടുത്ത തൈകളാണ് ലഭിച്ചിരിക്കുന്നത്. കൂട്ടിയിട്ടതിനാൽ ഉണങ്ങി നശിക്കാൻ സാധ്യതയുണ്ട്. ഇവ മണ്ണിൽ വെച്ച് നനക്കാൻ സൗകര്യങ്ങളുമില്ല. മികച്ച കുറ്റ്യാടി ഇനം (വെസ്റ്റ് കോസ്റ്റ് ടോൾ) തൈകളാണ് കാലംതെറ്റി എത്തിയിരിക്കുന്നത്.
സ്വകാര്യ ഫാമുകാരെ സഹായിക്കാൻ വിതരണം വൈകിച്ചതാവാമെന്ന് കർഷക സംഘടനകൾ ആക്ഷേപിക്കുന്നു. വിവിധ ആവശ്യങ്ങളിൽ കൃഷിഭവനുകളിലെത്തുന്ന കർഷകരെ നിർബന്ധിച്ച് വിറ്റഴിക്കലാകും ഉണ്ടാവുകയെന്നും ഇവർ പറയുന്നു. വിറ്റഴിച്ചില്ലെങ്കിൽ ഓഫിസറുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുന്ന സ്ഥിതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.