വടകര: തീർഥാടന ടൂറിസത്തിന്റെ ഭാഗമായി ലോകനാർകാവിൽ നടക്കുന്ന നിർമാണപ്രവൃത്തി അന്തിമഘട്ടത്തിൽ. നാലര കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, എയർ കണ്ടീഷൻ ചെയ്ത മുറികൾ, ഡോർമെറ്ററി, കളരി പരിശീലനത്തിനായുള്ള പരമ്പരാഗത രീതിയിലുള്ള സൗകര്യവും ചുറ്റുമതിൽ നിർമാണവും പൂർത്തിയായി.
ഊട്ടുപുരയുടെ നിർമാണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തീകരിക്കും. കളരിമ്യൂസിയം പ്രവൃത്തി ഉടനെ ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കരാർ കാലാവധിയുടെ ഏഴ് മാസം മുമ്പാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ ലോകനാർകാവിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ അവലോകന യോഗംചേർന്നു.
പയംകുറ്റിമലയിൽ കുടിവെള്ളത്തിനായി കുഴൽക്കിണർ നിർമാണത്തിനായുള്ള പദ്ധതി ഉടനെ സമർപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ടൂറിസം ജോയൻറ് ഡയറക്ടർ ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം കെ.എസ്. ഷൈൻ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ കെ.എസ്. ശോഭ, യു.എൽ.സി.സി.എസ് ഡയറക്ടർ പത്മനാഭൻ, ലോകനാർകാവ് ട്രസ്റ്റ് ബോർഡ് പ്രതിനിധികൾ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എൻജിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.