വടകര: നാടിന്റെ വിനോദസഞ്ചാര മേഖലയില്‍ കടത്തനാടിന്റെ പ്രതീക്ഷയായി സാൻഡ് ബാങ്ക്സ് ബീച്ച് ഇടം നേടിയിട്ട് കാലം ഏറെയായെങ്കിലും വികസന പ്രവൃത്തികള്‍ എങ്ങുമെത്തുന്നില്ല. ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ചിട്ടും പ്രവൃത്തി എങ്ങുമെത്താതെ കിടക്കുകയാണ്.
ഏകീകൃത ടൂറിസം സർക്യൂട്ട് നവീകരണത്തിന്റെ പേരിൽ 60 ലക്ഷംകൂടി അനുവദിച്ച് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, നേരത്തേ അനുവദിച്ച ഫണ്ടുകൾക്ക് അനുസൃതമായ നിർമാണ പ്രവൃത്തികൾ പലതും പാതിവഴിയിലാണ്.
ബോട്ടുജെട്ടി ഉൾപ്പെടെ അശാസ്ത്രീയ നിർമാണത്തിന്റെ നേർക്കാഴ്ചകളാണ് എമ്പാടും. നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ നിർമിച്ച റസ്റ്റാറന്റ് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
വൈദ്യുതി ദീപാലങ്കാരങ്ങൾ പലതും കണ്ണടച്ചു. ഇതിനാൽ സാൻഡ് ബാങ്ക്സിന്റെ പലഭാഗങ്ങളും ഇരുട്ടിലാണ്. പ്രകൃതിയുടെ വരദാനമായ ഇവിടെ കോടികൾ മുടക്കുമ്പോൾ അതിനനുസൃതമായ വികസനം മാത്രം നടക്കുന്നില്ല. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാൻഡ് ബാങ്ക്സിൽ കൃത്യമായ പരിചരണവുമില്ല.
കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായ കാലത്താണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിന് രണ്ടു കോടിയോളം രൂപ വകയിരുത്തി.
ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ചു. പിന്നീട് ഗ്രീൻ കാർപെറ്റ് പദ്ധതി ഉൾപ്പെടെ പലഘട്ടങ്ങളിൽ ഫണ്ടുകൾ അനുവദിച്ചു.
വിശാലമായ കടലോരവും തെങ്ങിന്തോപ്പുമൊക്കെയായി മനോഹരമാണ് ഈ തീരം.കടലും പുഴയും ചേരുന്ന ഇവിടെ നട്ടുച്ചക്കുപോലും കുളിര്‍തെന്നല്‍ വീശുന്നു. വടകര നഗരത്തിന്റെ പടിഞ്ഞാറു വശത്തെ കടല്‍ത്തീരം മൂരാട് പുഴയും അറബിക്കടലും സംഗമിക്കുന്ന തീരമാണ്.
കാഴ്ചയുടെ സൗന്ദര്യമൊരുക്കി സാൻഡ് ബാങ്ക്സ് സഞ്ചാരികളെ കാത്തിരിക്കുമ്പോൾ മികച്ച നിലവാരത്തിലേക്കുയർത്താൻ ടൂറിസം വകുപ്പിന് കഴിയാത്തത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.