വടകര: ട്രെയിൻയാത്രയിൽ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ലാതിരുന്ന സംഭവത്തില്‍ യാത്രക്കാരായ ദമ്പതികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി. ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയ കൃഷ്ണന്‍ ചേലേമ്പ്രക്കും ഭാര്യ നളിനിക്കും 2015 ഡിസംബര്‍ 13ന് മുംബൈ പനവേലില്‍നിന്ന് വടകരക്ക് യാത്ര ചെയ്ത 'നേത്രാവതി' എക്സ്പ്രസിലാണ് ദുരനുഭവമുണ്ടായത്.
ശബരിമല സീസണായതിനാല്‍ നിരവധി തീർഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുപ്പിവെള്ളം വാങ്ങിയാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചത്. ദമ്പതികള്‍ ഡിസംബർ നാലിന് വടകരയില്‍നിന്ന് പനവേലിലേക്ക് 'മംഗള' എക്സ്പ്രസില്‍ യാത്രചെയ്തപ്പോള്‍ ശുചിമുറിയുടെ ജനല്‍ തകര്‍ന്നനിലയിലും പൈപ്പ് കണക്ഷന്‍ വേര്‍പെട്ട നിലയിലുമായിരുന്നു.
ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജലം സംഭരിച്ചിരുന്നുവെന്നും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നുമുള്ള റെയില്‍വേയുടെ വാദങ്ങളെ നിരാകരിച്ചാണ് പി.സി. പൗലോച്ചന്‍ അധ്യക്ഷനും എസ്. പ്രിയ, വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.