വടകര: ലോകനാർകാവിലെ തീർഥാടന ടൂറിസം പദ്ധതികളുടെ ഭാഗമായി തീർഥാടന ടൂറിസം സെന്റർ, കളരി, ഗെസ്റ്റ് ഹൗസ്, കിണർ ചുറ്റുമതിൽ, യാർഡ് കല്ല് പതിക്കൽ എന്നീ പ്രവൃത്തികൾ ജൂൺ 30നകം പൂർത്തിയാക്കും.
മൺസൂൺ കാലത്ത് റോഡിലൂടെ പൈപ്പ് ലൈൻ ഇടാൻ നിയന്ത്രണമുള്ളതിനാൽ പയംകുറ്റി മലയിലേക്കുള്ള കുടിവെള്ള വിതരണം മഴക്കാല നിയന്ത്രണം കഴിഞ്ഞ ഉടൻ പുനഃസ്ഥാപിക്കും. ഡി.ഡി.സി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അറിയിച്ചു.
കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കൽ, വിത്ത് തേങ്ങ സംഭരണ ഇനത്തിൽ നൽകാനുള്ള തുക സമയബന്ധിതമായി കേരകർഷകർക്ക് നൽകൽ, വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി ആവശ്യമായ സർവേയർമാരെ നിയമിക്കൽ, ആയഞ്ചേരി ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കൽ, കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള കനാലുകൾ.
സ്ട്രക്ചറുകൾ എന്നിവ നവീകരിക്കൽ, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള തോക്ക് ലൈസൻസിനുള്ള അപേക്ഷകളിൽ തീർപ്പുകൽപിക്കൽ, വടകര സിവിൽ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കാണൽ തുടങ്ങിയവ പരിഹരിക്കുന്നതിന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഡി.ഡി.സി യോഗത്തിൽ രേഖാമൂലം ആവശ്യപ്പെട്ടു.
ജല അതോറിറ്റി പൈപ്പ് ലൈൻ നിർമാണത്തിനായി കുഴിയെടുത്ത കക്കട്ട് ടൗണിലെ സംസ്ഥാനപാത പൂർവസ്ഥിതിയിലാക്കാൻ നടപടിയായി. പൊതുമരാമത്ത് വിഭാഗം റോഡ്സ് എക്സിക്യൂട്ടിവ് എൻജിനീയർ കലക്ടറേറ്റിൽ നടന്ന ഡി.ഡി.സി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതിക്കായുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
നിലവിൽ കരാറുകാരൻ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതിനാൽ കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി കോടതി നടപടികൾക്ക് വിധേയമായി മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.