വടകര: ജോലി സമ്മർദത്തെ തുടർന്ന് നാടുവിട്ട സിവിൽ സപ്ലൈസ് ജീവനക്കാരനെ പൊലീസിെൻറ അവസരോചിത ഇടപെടലിൽ കണ്ടെത്തി. വടകര സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറിലെ ജൂനിയർ അസിസ്റ്റൻറ് മാക്കൂൽ പീടിക സ്വദേശി അനിൽകുമാറിനെയാണ് കോയമ്പത്തൂരിൽനിന്ന് വടകര പൊലീസ് കണ്ടെത്തിയത്.
ആഗസ്റ്റ് 27നാണ് ജോലിസ്ഥലത്ത് നിന്നും ഇയാൾ നാടുവിട്ടത്. അന്ന് മുതൽ മൊബൈൽ ഫോൺ ഓഫാക്കിയതിനാൽ അനിൽകുമാറിനെ കണ്ടെത്തുക പൊലീസിന് ശ്രമകരമായിരുന്നു. അടുത്തിടെ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട 200ൽപരം ആളുകളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടുദിവസം മുമ്പ് ഇയാൾ കോയമ്പത്തൂരിലെ ഗാന്ധി പുരം ചെക്കൻ തോട്ടം മൊബൈൽ ടവർ പരിധിയിൽ ലൊക്കേഷൻ കാണിക്കുകയും പിന്നീട് ഫോൺ ഓഫാക്കുകയുമുണ്ടായി.
കോയമ്പത്തൂർ ഗാന്ധി പുരത്തെത്തിയ വടകര പൊലീസ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും അനിൽകുമാറിെൻറ ഫോട്ടോയും കാണാതായ വാർത്തയും പ്രചരിപ്പിക്കുകയും പ്രധാന കവലകളിൽ തമിഴിൽ തയാറാക്കിയ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തെരുവുകളിലെ കടകളിൽ കയറി ഫോട്ടോ കാണിച്ചതിൽ, ഒരു ഹോട്ടലിൽനിന്ന് ഇയാൾ ഭക്ഷണം കഴിച്ചെന്ന വിവരം കിട്ടിയതിനെ തുടർന്ന് ഹോട്ടൽ തൊഴിലാളിയുടെ സഹായത്താൽ ഇയാൾ താമസിക്കുന്ന മുറിയിൽ എത്തുകയായിരുന്നു.
അനിൽകുമാറിെൻറ തിരോധാനം അന്വേഷിക്കുന്നതിനായി കോഴിക്കോട് റൂറൽ ഡോ. എ ശ്രീനിവാസിെൻറ നിർദേശപ്രകാരം വടകര കോസ്റ്റൽ സി.ഐ ഉമേഷ്, വടകര പൊലീസ് സ്റ്റേഷൻ സി.ഐ കെ.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചിരുന്നു. സി.പി.ഒമാരായ പി.ടി. സജിത്ത്, കെ. ഷിനിൽ എന്നിവരാണ് കോയമ്പത്തൂരിൽ പോയി അനിൽകുമാറിനെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.