വടകര: ഇഴപിരിയാത്ത സൗഹൃദം മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലും കാത്തു സൂക്ഷിച്ച് ഷാനിയും സിന്ധുവും. സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സിവിൽ പൊലീസ് ഓഫിസർമാരായ പാതിരപറ്റ ചെറിയ കൈവേലിയിലെ തയ്യിൽപൊയിൽ സിന്ധുവും പീടികമീത്തൽ ഷാനിയും അയൽക്കാരും കളിക്കൂട്ടുകാരുമാണ്. സ്കൂൾ കോളജ് തലത്തിൽ ഒരുമിച്ച് മുന്നേറിയവർ പൊലീസിലേക്കും കാൽവെച്ചത് ഒരുമിച്ചായിരുന്നു.
2004 ജൂലൈയിലാണ് രണ്ടു പേരും 7810, 7815 നമ്പറുകളിൽ ബറ്റാലിയൻ അംഗങ്ങളാവുന്നത്. 2005ൽ വടകര പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. സിന്ധുവും ഷാനിയും വളയം, നാദാപുരം, വടകര വനിത സെൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു.
നിലവിൽ വടകര പിങ്ക് പൊലീസ് വാഹനത്തിെൻറ ഡ്രൈവറാണ് സിന്ധു. ചുറ്റിക്കറങ്ങുന്ന വിദ്യാർഥികൾക്കും പൂവാലൻമാർക്കും പിന്നാലെയാണ് സദാ സമയവും. വഴിതെറ്റുന്ന യുവ മനസ്സുകൾക്ക് നല്ല വഴികാട്ടിയാണ് ഈ പൊലീസുകാരി. ഷാനി നാദാപുരം പൊലീസ് സ്റ്റേഷനിലെ അസി. ബീറ്റ് ഓഫിസറാണ്. സ്റ്റുഡൻസ് പൊലീസ് അസി. ഡ്രിൽ ഇൻസ്ട്രക്ടർ, ട്രൈബൽ ജനമൈത്രി അസി. ബീറ്റ് ഓഫിസർ, റൂറൽ പൊലീസിലെ ഹോപ് പദ്ധതി അഡ്മിനിസ്ട്രഷൻ എന്നിങ്ങനെയും പ്രവർത്തിച്ചു.
റൂറൽ വനിത സെൽ സ്ത്രീ സുരക്ഷയിൽ അവബോധം ഉണ്ടാക്കാൻ അവതരിപ്പിച്ച 'അനന്തരം ആനി' എന്ന നാടകത്തിൽ ഇരുവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്ത് 40 സ്റ്റേജുകളിലാണ് ഇവരടങ്ങുന്ന സംഘം നാടകം അവതരിപ്പിച്ചത്.
ബുധനാഴ്ച കോഴിക്കോട് എ.ആർ ക്യാമ്പിൽവെച്ച് ഐ.ജി മെഡലുകൾ രണ്ട് പേർക്കും നൽകി ആദരിച്ചു. സിന്ധുവിെൻറ ഭർത്താവ് പ്രദീപ്. മക്കൾ: ജ്യോതിർ എസ്. പ്രദീപ്, ദീപ്തിർ എസ്. പ്രദീപ്. ഷാനി ഇപ്പോൾ നാദാപുരത്താണ് താമസം. ഭർത്താവ്: ഷൈജിത്ത്. മക്കൾ: രൂപിക, ആയുഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.