വടകര: മലയാളത്തിന്റ പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരകം കടലാസിലൊതുങ്ങി. വായനക്കാരന്റ മനസ്സിൽ എന്നും മായാത്ത ഓർമയായ കുഞ്ഞീക്കക്ക് സ്മാരകം പണിയാൻ സാംസ്കാരിക വകുപ്പിന്റെയും സ്മാരക ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തുടങ്ങിയ നടപടികൾ എങ്ങുമെത്താതെ പോവുകയായിരുന്നു. സ്മാരക നിർമാണത്തിനായി പാക്കയിൽ പടന്നയിൽ ഭാഗത്ത് രണ്ടേക്കർ സ്ഥലം വിലക്കുവാങ്ങിയെങ്കിലും കച്ചവടം പൂർത്തീകരിക്കാനായില്ല.
25 ലക്ഷം രൂപ സ്ഥലത്തിന് അഡ്വാൻസ് നൽകിയെങ്കിലും കോവിഡ് കാരണം നടക്കാതെവരുകയും തുക തിരിച്ചുവാങ്ങുകയുമുണ്ടായി. സ്ഥലം ലഭ്യമാക്കിയാൽ സാംസ്കാരിക വകുപ്പ് രണ്ടുകോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ നടത്തി ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഒരു വർഷം കൊണ്ട് സ്മാരക നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്.
സംസ്ഥാനത്തെ 14 ജില്ലകളിലായി മൺമറഞ്ഞുപോയ 14 സാംസ്കാരിക നായകരുടെ പേരിൽ സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കാൻ എ.കെ. ബാലൻ സാംസ്കാരിക മന്ത്രിയായപ്പോൾ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അനുബന്ധമായാണ് വടകരയിലും പുനത്തിലിന് ഉചിതമായ സ്മാരകം പണിയാൻ തീരുമാനിച്ചത്. പുനത്തിലിന്റെ രണ്ടാം ചരമ വാർഷികത്തിൽ സ്മാരകമുയരണമെന്ന് സാംസ്കാരിക നായകരടക്കം ആവശ്യപ്പെട്ടിരുന്നു. പുനത്തിലിെന്റ ആറാം സ്മൃതി ദിനം ഒക്ടോബർ 27ന് നടക്കുമ്പോൾ സ്മാരക നിർമാണം വീണ്ടും ചർച്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.