വടകര: എസ്.എൻ.ഡി.പി വടകര യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രന്റെ മകൻ റൂബിന്റെ ഭാര്യവീട്ടിൽ വീണ്ടും അതിക്രമം. വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും കണ്ടെത്തി. കീഴൽ ചെക്കോട്ടി ബസാറിലെ വൈശാഖിൽ കൃഷ്ണദാസിന്റെ വീട്ടിന്റെ മുറ്റത്താണ് ചൊവ്വാഴ്ച പുലർച്ചെ 12.25 ഓടെ റീത്തും ഭീഷണിക്കത്തും വീട്ടിന് പുറത്ത് നിന്നും ബൈക്കിൽ മുഖം മൂടിയണിഞ്ഞെത്തി എറിഞ്ഞത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യൂനിയൻ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയാനും ഇല്ലെങ്കിൽ മകളുടെ ഭർത്താവിന്റെ വലതുകൈ വെട്ടുമെന്നും ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കുമെന്നും ഇനി ഒരറിയിപ്പ് ഉണ്ടാകില്ലെന്നും ഭീഷണിക്കത്തിൽ പറയുന്നു.
ഇത് മൂന്നാം തവണയാണ് വീടിന് നേരെ അതിക്രമം ഉണ്ടാകുന്നത്. ഒരുതവണ വീടിന്റെ ജനൽചില്ലുകളും പിന്നീട് വീട്ടിൽ നിർത്തിയിട്ട കാറും എറിഞ്ഞു തകർത്തിരുന്നു.
നേരത്തെ പി.എം. രവീന്ദ്രന്റെ വീടിനും വാഹനത്തിനും നേരെ മൂന്ന് പ്രാവശ്യം അക്രമം ഉണ്ടായി. യൂനിയൻ പ്രസിഡന്റ് എം.എം. ദാമോദരനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. വൈസ് പ്രസിഡന്റ് ഹരിമോഹന്റെ വീടിനു നേരെയും വാഹനത്തിനു നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. പരാതികളിൽ പ്രതികളെ പിടികൂടിയിരുന്നില്ല. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.