വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നു. പിന്നാലെ ട്രെയിനിൽ നിന്നുതിരിയാനിടമില്ലാതെ യാത്രക്കാർ ദുരിതത്തിൽ. ഗതാഗതക്കുരുക്കിൽ മണിക്കൂറുകളാണ് ദേശീയപാത സ്തംഭിക്കുന്നത്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ പല ഭാഗങ്ങളും നീക്കിയതിനാൽ വാഹനങ്ങൾക്ക് മറികടക്കാൻ പറ്റാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
വടകര- കോഴിക്കോട് റൂട്ടിൽ റോഡ് മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ വിദ്യാർഥികളും തൊഴിലാളികളും കച്ചവടക്കാരും രോഗികളും തുടങ്ങി ഒട്ടേറെ പേർ ട്രെയിൻ മാർഗമാണ് യാത്ര ചെയ്യുന്നത്. സീസൺ ടിക്കറ്റുകാർക്ക് പുറമെ രാവിലെ പരശുറാമിനും വൈകീട്ട് നേത്രാവതിക്കും യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സമയത്ത് യാത്രക്കാർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയാണ് ട്രെയിനിൽ. മൺസൂൺ കലണ്ടർ പ്രകാരം രാത്രി ഏഴുമണിക്ക് ഉണ്ടായിരുന്ന നേത്രാവതി കണ്ണൂർ എക്സ്പ്രസും ഇപ്പോൾ നേരത്തേയാണ്. ഇതും യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു.
കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്കുള്ള കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് വൈകീട്ട് 5.40ന് പോയാൽ പിന്നെ വടകര ഭാഗത്തേക്ക് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് 9.25നാണ്. ദീർഘസമയം കോഴിക്കോട്ട് കാത്തിരുന്നാണ് രാത്രിയിൽ ട്രെയിൻ ലഭിക്കുക. ഈ ട്രെയിനുകളിലും യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും അധിക കോച്ചോ പ്രത്യേക ട്രെയിനോ അനുവദിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.