വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. അഴിയൂർ കോറോത്ത് റോഡ്, റെയിൽവേ, പനാട , കോട്ടമലക്കുന്ന്, കല്ലാമല പ്രദേശങ്ങളിലാണ് ജലവിതരണം നിലച്ചത്. ത്വരിത ഗ്രാമ ശുദ്ധജല വിതരണ പദ്ധതി പ്രകാരം തുരുത്തിപ്പുറം ടാങ്കിൽനിന്നാണ് വെള്ളം വിതരണം ചെയ്തിരുന്നത്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഫലം നിരാശ മാത്രമാണ്.
ആഴ്ചയോളമായി വെള്ളം ലഭിക്കാത്തത് പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. ജില്ലയിലെ പ്രധാന ജല സംഭരണിയായ വിഷ്ണുമംഗലം ബണ്ടിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജല വിതരണത്തെ ബാധിച്ചിരുന്നു. ഇതിനിടെയാണ് കുടിവെള്ള വിതരണം പൂർണമായി നിലച്ചത്.
വിഷ്ണുമംഗലം പദ്ധതിയിലൂടെ പുറമേരി ട്രീറ്റ്മെന്റ് പ്ലാന്റ് വഴിയാണ് മേഖലയിൽ വെള്ളമെത്തുന്നത്. പ്രധാന പൈപ്പിൽ ഉണ്ടായ ജലചോർച്ചയാണ് കുടിവെള്ളം മുടങ്ങാനിടയാക്കിയതെന്നാണ് വിവരം.
ചോർച്ച കണ്ടെത്താൻ അധികൃതർ വൈകിയതായും ആക്ഷേപമുണ്ട്. കുടിവെളള വിതരണം പുനരാരംഭിക്കണമെന്ന് താലൂക്ക് വികസനസമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.