വടകര: പോർട്ട് ഓഫിസ് നിലവിൽവന്നിട്ട് വർഷങ്ങളായെങ്കിലും തുറമുഖമെന്ന സ്വപ്നം എന്ന് യാഥാർഥ്യമാകുമെന്ന് ചോദിക്കുകയാണ് വടകരക്കാർ. പോർട്ട് ഓഫിസിന് പിന്നാലെ വടകരയിൽ തുറമുഖ നിർമാണത്തിനുള്ള നടപടികൾക്ക് തുടക്കമാവുമെന്നും കപ്പലിന്റെ സൈറൺ മുഴങ്ങാൻ കാലമേറെയില്ലെന്നായിരുന്നു പോർട്ട് ഓഫിസ് നിർമാണത്തിന് പിന്നാലെയുള്ള പ്രഖ്യാപനം. സംസ്ഥാനത്ത് ആരംഭിക്കുന്ന പത്ത് ചെറുകിട വാണിജ്യതുറമുഖങ്ങളില്‍ ഒന്ന് വടകരയില്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. 2012ലാണ് തുറമുഖത്തിന് തുടക്കംകുറിക്കാന്‍ കേരളസര്‍ക്കാര്‍ 1.83 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പോർട്ട് ഓഫിസ് നിർമാണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടമായി 68 ലക്ഷം അനുവദിച്ചു. പ്രാരംഭഘട്ടത്തില്‍ മൂന്നുനില കെട്ടിടങ്ങള്‍ പണിയാനായിരുന്നു പദ്ധതി. എന്നാൽ, മൂന്നുനില കെട്ടിടം എന്നത് ഒരുനിലയില്‍ ഒതുങ്ങി.
1960കളിൽതന്നെ തുറമുഖം നിർമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍, നിര്‍മാണം കടല്പാലത്തിലൊതുങ്ങി. സമാന അനുഭവം തന്നെയാണ് പുതിയ പദ്ധതിക്കുമുണ്ടായത്. ആദ്യകാലത്ത് താഴെ അങ്ങാടി കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു കടൽമാർഗം ചരക്കുനീക്കം നടന്നിരുന്നത്. റോഡ് മാർഗം ചരക്കുനീക്കം സജീവമായതോടെ പ്രതാപം അസ്തമിക്കുകയായിരുന്നു. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറക്കാലത്തെ പഠനത്തിനുശേഷമാണ് തുറമുഖം സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലമായി വടകരയെ തിരഞ്ഞെടുത്തത്. മൂന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലബാറിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു വടകരയെന്നത് ചരിത്രം. വിശാലമായ കടല്ക്കരയില് സ്ഥിതിചെയ്യുന്ന വടകര തിരക്കുപിടിച്ച വ്യാപാരകേന്ദ്രമായാണ് വില്യം ലോഗന് മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയത്. കോഫിയും കൊപ്രയും പച്ചത്തേങ്ങയുമായിരുന്നു പ്രധാന കയറ്റുമതി. പ്രതിവര്‍ഷം ശരാശരി 202,735 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തിരുന്നുവെന്നും ചരിത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.