മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക്

കോഴിക്കോട് മെഡിക്കൽ കോളജ്: പണി തീർന്നില്ല; പുതിയ ബ്ലോക്ക് ഉടൻ തുറക്കില്ല

കോഴിക്കോട്: കോവിഡ് ബാധിതരെ ഒഴിപ്പിച്ചെങ്കിലും മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് മറ്റു രോഗികൾക്കായി തുറന്നുകൊടുക്കാൻ വൈകും. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും അവസാന മിനുക്കുപണികൾ പൂർത്തിയാകാത്തതിനാലാണ് പ്രവർത്തനം തുടങ്ങാനാകാത്തതെന്ന് അധികൃതർ പറഞ്ഞു. ശീതീകരണത്തിന് ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങൾ ഒരുക്കാനുണ്ട്. പണി പൂർത്തിയാകുന്നതിനു മുമ്പാണ് കോവിഡ് ആശുപത്രിയായി മാറ്റിയത്. കോവിഡ് ബാധിതരെ മാറ്റി ജില്ല ഭരണകൂടം ആശുപത്രി തിരികെ കൈമാറിയശേഷമാണ് മറ്റു പ്രവൃത്തികൾ നടക്കുന്നതെന്ന് പി.എം.എസ്.എസ്.വൈ നോഡൽ ഓഫിസർ ഡോ. ദിനേശ് പറഞ്ഞു.

എച്ച്.എൽ.എൽ ആണ് പി.എം.എസ്.എസ്.വൈയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. മിനുക്കുപണികൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയമാണ് അവർ ആവശ്യപ്പെട്ടതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തേ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

2016ലാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 195 കോടി രൂപ ഉപയോഗിച്ച് ഏഴു നിലകളുള്ള അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമിച്ചത്. ആധുനിക അത്യാഹിത വിഭാഗം, തിയറ്റർ കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഒരുങ്ങിയത്.

അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്കു മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. എം.ആര്‍.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന താഴെ നിലയിൽതന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്‌കാനിങ് എന്നിവയും ഒരുങ്ങി. കൂടാതെ, അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക് കൂടുതൽ സൗകര്യവുമുണ്ടാകും.

കെട്ടിടം ഉദ്ഘാടനത്തോടടുത്തപ്പോഴേക്കും കോവിഡ് വ്യാപിച്ചതാണ് പ്രവർത്തനം തുടങ്ങാൻ വൈകിയത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പുതിയ കെട്ടിടം ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റാൻ ജില്ല ഭരണകൂടത്തിന് അനുമതി നൽകുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഓക്സിജൻ പ്ലാന്‍റ് വരെ എത്തിച്ചാണ് ജില്ല കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചത്. 500ഓളം കിടക്കകളും തയാറാക്കിയിരുന്നു. കോവിഡ് ബാധിതർ കുറഞ്ഞതോടെ അത്യാഹിത വിഭാഗം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Work not completed; Kozhikode Medical College new block will not open soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.