കോഴിക്കോട്: നഗരത്തിൽ ഹൈവേകളിൽ അടക്കം സീബ്രാലൈനുകൾ മാഞ്ഞുപോയതും റോഡ് റീടാറിങ്ങിനുശേഷം സീബ്രാവരകൾ പുനഃസ്ഥാപിക്കാത്തതും കാൽനടക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു. സീബ്രാ ലൈനുകൾ ഇല്ലാത്തതു കാരണം സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവർ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നത് പതിവ് കാഴ്ചയാണ്.
സീബ്രാ ലൈനുകൾ ഇല്ലാത്തതു കാരണം കാൽനടക്കാരെ കണ്ടാലും ഡ്രൈവർമാർ വാഹനം നിർത്തിക്കൊടുക്കാൻ തയാറാവില്ല. ഇതുകാരണം ഏറെസമയം കാത്തുനിന്നതിന് ശേഷമാണ് യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയുന്നത്.
ചിലയിടങ്ങളിൽ പൊലീസിന്റെ സഹായത്തോടെയാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. ഏറെ ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ പോലും സീബ്രാലൈനുകൾ ഇല്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കോഴിക്കോട് കമീഷണർ ഓഫിസിനു സമീപംപോലും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല. പട്ടാളപ്പള്ളി, പ്രസ് ക്ലബ്, മിഠായിത്തെരുവ്, മുതലക്കുളം മൈതാനം എന്നിവിടങ്ങളിലൊക്കെ നൂറുകണക്കിന് പേർ റോഡ് മുറിച്ചുകടക്കുന്ന ഭാഗമായിട്ടുപോലും സീബ്രാവര പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
മൂന്നു മാസം മുമ്പ് റോഡ് പണി കഴിഞ്ഞ സ്ഥലങ്ങളിൽവരെ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. നേരത്തെ റോഡുപണി പൂർത്തിയാക്കി തൊട്ടുപിന്നാലെ തന്നെ റോഡിൽ സീബ്രാലൈൻ അടക്കമുള്ള സൂചകങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത്തവണ റോഡ് പുനർനിർമാണം നടത്തിയ ഇടങ്ങളിലൊന്നും ഇതുണ്ടാവാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
റോഡ് റീ ടാറിങ് നടന്നയിടങ്ങളിലെല്ലാം സമാന സ്ഥിതിയാണ്. ടേബിൾ ടോപ്പ് സീബ്രാക്രോസിങ്ങിലും വര തപ്പിയാൽ കാണില്ല. ഇത് യാത്രക്കാരെ കണ്ടാലും വാഹനം നിർത്താതെ മുന്നോട്ടെടുക്കുന്നതിന് ഡ്രൈവർമാർക്ക് ഏറെ സഹായകമാവുന്നു. പല കാൽനടക്കാരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.