മുതലമടയിലെ എൻഡോസൾഫാൻ പ്രയോഗം: ദുരിതത്തീയിൽ രോഗികൾ

* മാ​ന്തോപ്പുകളിൽ ​തൊഴിലെടുക്കുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ്​ ചികിത്സ കിട്ടാതെ ക്ലേശിക്കുന്നത്​ എ. സാദിഖ്​ കൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളിൽ അനിയന്ത്രിതമായി ഉപയോഗിച്ച എൻഡോസൾഫാൻ ഉൾപ്പെടെയുള്ള മാരക കീടനാശിനികളുടെ ഇരകളായി നിരവധി പേർ ഇപ്പോഴും ദുരിതമനുഭവിച്ച്​ കഴിയുന്നു. കീടനാശിനി പ്രയോഗത്തിന്‍റെ ഇരയായി, തലയിൽ നീർക്കെട്ടിന്‍റെ അസുഖവുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന മുതലമട ​വെള്ളാരംകടവ്​ ബാപുപതി കോളനിയിലെ ശെന്തിൽകുമാർ-ധനലക്ഷ്മി ദമ്പതികളു​ടെ മകൾ ഹേമലത കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സമാന ആരോഗ്യപ്രശ്നങ്ങളുള്ള നൂറ്റിഎൺപതിലധികം എൻഡോസൾഫാൻ ഇരകളെ ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ മുതലമടയിൽ കണ്ടെത്തിയിരുന്നു. മാവിൻതോട്ടങ്ങളിൽ താമസിക്കുന്നവരും തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവരുമായ കുടുംബങ്ങളിലുള്ളവരായിരുന്നു ഇവരെല്ലാവരും. കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളുമാണ്​ ഇവരിലുള്ളതെന്ന്​ തൃശൂർ​ മെഡിക്കൽ കോളജിലെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനും സർക്കാർ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന്​ ആദിവാസി സംരക്ഷണസംഘം കൺവീനർ നീളപ്പാറ മാരിയപ്പൻ പറയുന്നു. 2010ൽ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കാസർകോട്​ എൻഡോസൾഫാൻ ഇരകളെ സന്ദർശിക്കാനെത്തിയപ്പോൾ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ പാലക്കാട് ജില്ല ഘടകവും പാലക്കാട് എൻഡോസൾഫാൻ വിരുദ്ധ സമിതിയും മുതലമടയിലെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നപരിഹാരത്തിന് നിവേദനം നൽകിയിരുന്നു. തുടർന്ന്, മുതലമടയിലെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച്​ സമഗ്രപഠനം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ​ചെയർമാൻ നിർദേശിച്ചു. ഈ നിർദേശവും നടപ്പായിട്ടില്ല. തൃശൂർ മെഡിക്കൽ കോളജ്​ സംഘം ​ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയ 128 രോഗികളിൽ 14 പേർ ഇതിനകം മരിച്ചു. കൂലിവേല ചെയ്തു ജീവിക്കുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ്​ കീടനാശിനിപ്രയോഗത്തിന്‍റെ ഇരകളായി മതിയായ ചികിത്സ കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്​. ഇവർക്ക് ​അടിയന്തരമായി തുടർചികിത്സ നൽകണമെന്ന് എൻഡോസൾഫാൻ വിരുദ്ധസമിതി സെക്രട്ടറി ദേവൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.