ഷാബാ ശരീഫ്​ വധ​ക്കേസ്​: കുറ്റപത്രം സമർപ്പിച്ചു

* കേസിൽ 15 പ്രതികൾ, 107 സാക്ഷികൾ, 30ഓളം തെളിവുകൾ നിലമ്പൂർ: കോളിളക്കം സൃഷ്ടിച്ച നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകക്കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നിലമ്പൂർ സി.ഐ പി. വിഷ്ണു വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചത്. 3177 പേജുള്ള കുറ്റപത്രത്തിൽ 15 പ്രതികളാണുള്ളത്​. ഇതിൽ 12 പേർ അറസ്റ്റിലായി ജയിലിൽ റിമാൻഡിലാണ്. വിരമിച്ച എസ്.ഐ ഉൾപ്പെടെ മൂന്ന് പ്രതികളെ പിടികൂടാനുണ്ട്. ഇവരുടെ അറസ്റ്റിനു ശേഷം അഡീഷനൽ കുറ്റപത്രം സമർപ്പിക്കും. 107 സാക്ഷികളും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 30ഓളം തെളിവുകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയുന്നതിന് ഷാബാ ശരീഫിനെ മൈസൂരുവിൽനിന്ന്​ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ഒന്നേകാൽ വർഷത്തോളം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം മൃഗീയമായി കൊലപ്പെടുത്തി വെട്ടിനുറുക്കി ശരീരഭാഗങ്ങൾ കവറിലാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് സാഹചര‍്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും നിരത്തി കുറ്റപത്രത്തിൽ പറയുന്നത്. 2019 ആഗസ്റ്റ് ഒന്നിന് മൈസൂരുവിലെ വീട്ടിൽനിന്ന്​ വിവിധ വാഹനങ്ങളിലായി തട്ടിക്കൊണ്ടുവന്ന ഷാബാ ശരീഫിനെ കൊലപാതക കേസിലെ പ്രധാന പ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്‍റെ മുക്കട്ടയിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു. 2020 ഒക്ടോബർ എട്ടിന്​​ കൊലപ്പെടുത്തി. ഒമ്പതിന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക്​ കവറുകളിലാക്കി പിറ്റേന്ന് പുലർച്ച ചാലിയാറിൽ ഒഴുക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ. ജില്ല പൊലീസ് മേധാവി സുജിത് ദാസ് നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയ കേസാണിത്. തെളിവുകൾ നശിപ്പിച്ചിരുന്നെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ നിർണായകമായ തെളിവുകൾ പൊലീസിന് വീണ്ടെടുക്കാനായി. മൃതദേഹം തള്ളിയ ചാലിയാറിൽ നാവികസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലും നിർണായക തെളിവുകൾ ലഭിച്ചു. സംഘം ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകത്തെക്കുറിച്ചുള്ള ശക്തമായ മൊഴികളും കുറ്റസമ്മതങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ മുഖ‍്യ പ്രതി ഷൈബിൻ ഹൈകോടതിയിൽ സമർപ്പിച്ച ജാമ‍്യാപേക്ഷ പരിഗണിക്കാതെപോയതും കേസിൽ പൊലീസിന്‍റെ സമയോജിതമായ ഇടപെടൽ കാരണമാണ്. വിചാരണക്കു മുമ്പുതന്നെ കുറ്റപത്രം സമർപ്പിക്കാനായതും പൊലീസിന്‍റെ മികവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.