പ്ലസ്​ വൺ പ്രവേശനം: ആദ്യ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചപ്പോൾ മലബാറിൽ സീറ്റ്​ ക്ഷാമം

തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്​മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ മലബാറിലെ ജില്ലകളിൽ സീറ്റ്​ ക്ഷാമം. പാലക്കാട്​ മുതൽ കാസർകോട്​ വരെ ജില്ലകളിൽനിന്ന്​ 2,42,978 പേരാണ്​ ഏകജാലക പ്രവേശനത്തിന്​ അപേക്ഷിച്ചത്​. ഇത്​ സംസ്ഥാനത്തെ മൊത്തം അപേക്ഷകരുടെ 51.5 ശതമാനമാണ്​. ഇവർക്ക്​ ലഭ്യമായ മെറിറ്റ്​ സീറ്റുകൾ 1,53,759 ആണ്​. ആദ്യ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചപ്പോൾ പാലക്കാട്​ മുതൽ കാസർകോട്​ വരെയുള്ള ജില്ലകളിലെ 1,16,536 പേർക്ക്​​ അലോട്ട്​മെന്‍റ്​ ലഭിച്ചു​. ഈ ആറ്​ ജില്ലകളിൽ ഇനി അവശേഷിക്കുന്ന മെറിറ്റ്​ സീറ്റ്​ 37,223 എണ്ണം മാത്രം​. അലോട്ട്​മെന്‍റ്​ ലഭിക്കാനുള്ളത്​​ 1,26,442 പേർക്കും. അവശേഷിക്കുന്ന സീറ്റുകൾകൂടി പരിഗണിച്ചാൽ 89,219 അപേക്ഷകർക്ക്​ ഏകജാലക രീതിയിൽ പ്രവേശനം ലഭിക്കില്ല. ഈ ജില്ലകളിൽ മാനേജ്​മെന്‍റ്​ ക്വോട്ടയിൽ 15,408 ഉം കമ്യൂണിറ്റി ക്വോട്ടയിൽ 12450 ഉം സീറ്റാണുള്ളത്​​. ഇതുകൂടി പരിഗണിച്ചാൽ 61,361 അപേക്ഷകർക്ക്​ സീറ്റുണ്ടാകില്ല. ഫീസ്​ നൽകി പഠിക്കേണ്ട 25,265 അൺ എയ്​ഡഡ്​ സീറ്റുമുണ്ട്​. ഇവ പരിഗണിച്ചാൽപോലും 36,096 സീറ്റിന്‍റെ കുറവുണ്ടാകും. ഫീസ്​ നൽകി പഠിക്കേണ്ടതിനാൽ അൺ എയ്​ഡഡ്​ സ്കൂളുകളിൽ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്​ പതിവ്​. സീറ്റ്​ ക്ഷാമം കൂടുതൽ മലപ്പുറം ജില്ലയിലാണ്​. ഇവിടെ 80,100 അപേക്ഷകർക്ക്​ ആകെയുള്ളത്​ 46256 മെറിറ്റ്​ സീറ്റാണ്​. ഇതിൽ 34,103 സീറ്റിലേക്കാണ്​ അലോട്ട്​മെന്‍റ്​ നടന്നത്​. 45,997 പേർക്ക്​ അവശേഷിക്കുന്ന മെറിറ്റ്​ സീറ്റ്​ 12,153 ആണ്​. ജില്ലയിൽ മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ടകളിൽ 8670 സീറ്റുണ്ട്​. ഇതുകൂടി പരിഗണിച്ചാലും 25,174 അപേക്ഷകർക്ക്​ സീറ്റില്ല. 11,275 അൺ എയ്​ഡഡ്​ സീറ്റുണ്ടെങ്കിലും ഫീസ്​ നൽകി പഠിക്കേണ്ടതിനാൽ പകുതിയോളം ഒഴിഞ്ഞുകിടക്കാറാണ്​ പതിവ്​. അതേസമയം, സീറ്റ്​ ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിൽ മുന്നാക്ക സംവരണത്തിനായി നൽകിയ 3240 സീറ്റുകളിൽ 2644 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്​. സംസ്ഥാനത്താകെ മുന്നാക്ക സംവരണത്തിന്​ നീക്കിവെച്ച 18,449 സീറ്റുകളിൽ 8374 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു​. രണ്ടാം അലോട്ട്​മെന്‍റിന്​ ശേഷവും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ മൂന്നാം അലോട്ട്​മെന്‍റിൽ ജനറൽ മെറിറ്റിൽ ലയിപ്പിച്ച്​ അ​ലോട്ട്​മെന്‍റ്​ നടത്തും. കോടതി വിധിയെതുടർന്ന്​ 307 എയ്​ഡഡ്​ സ്​കൂളുകളിലെ പത്ത്​ ശതമാനം കമ്യൂണിറ്റി/ മാനേജ്​മെന്‍റ്​ ക്വോട്ടയിൽ 6705 സീറ്റ്​ ഒഴിച്ചിട്ടിരിക്കുകയാണ്. കോടതിവിധിക്കനുസൃതമായേ ഈ സീറ്റുകളിലേക്ക്​ അലോട്ട്​മെന്‍റ്​ നടത്തൂ. -കെ. നൗഫൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.