കടലിൽ കാണാതായ ഗിൽബർട്ടിനെ കാത്ത്​ മകനും ബന്ധുക്കളും

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് വഞ്ചി അപകടത്തെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം ക്ലമൻെറിന്‍റെ മകൻ ഗിൽബർട്ടിനെ (55) ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ തിങ്കളാഴ്ച ആറോടെയാണ് വഞ്ചി അപകടത്തെ തുടർന്ന് ഗിൽബർട്ടിനെ കാണാതായത്. അദ്ദേഹത്തിന്​ ഒപ്പം ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവർ മുങ്ങിയ വഞ്ചിയിൽനിന്ന് ഏറെ സാഹസപ്പെട്ടാണ്​ നീന്തി കരകയറിത്. ആറ് പേരുണ്ടായിരുന്ന ഫൈബർ വഞ്ചിയിൽ ബാക്കിയുണ്ടായിരുന്ന വർഗീസിനെയും കാണാതായിരുന്നു. വ്യാഴാഴ്ചയാണ് വർഗീസിന്റെ മൃതദേഹം കരക്കടിഞ്ഞത്. ഇവർ ജോലിചെയ്തിരുന്ന ഫൈബർ വഞ്ചി സംഭവം നടന്നതിനു പിറ്റേന്നുതന്നെ തകർന്ന് കഷണങ്ങളായി കരക്കടിഞ്ഞിരുന്നു. ഗിൽബർട്ടിനെ കാണാതായെന്നറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് മകൻ വിൽഫ്രഡും ബന്ധുക്കളുമെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും പുലർച്ച മുതൽ വാടാനപ്പള്ളി, കൊടുങ്ങല്ലൂർ ബീച്ചുകളിൽ തിരച്ചിലിനുപോയ അവർ സന്ധ്യ മയങ്ങിയതോടെ ബ്ലാങ്ങാട് ബീച്ചിലെത്തി. പരസ്പരം മിണ്ടാതെ അവർ വിദൂരതയിലേക്ക് കണ്ണും നട്ട് കുറേനേരം നിന്നു. വെള്ളിയാഴ്ച അധികൃതരുടെ ഭാഗത്തുനിന്ന് തിരച്ചിലിനായി ബോട്ടും ഹെലികോപ്​ടറും എത്തിയില്ല. തിങ്കളാഴ്ചയുണ്ടായ ഫൈബർ വഞ്ചി അപകടത്തിൽ ആൾനാശത്തിനുപുറമെ 25 ലക്ഷത്തോളം രൂപയുടെ നഷമാണുണ്ടായതെന്ന് ഉടമ പ്രവീൺ പറഞ്ഞു. ഫോട്ടോ: TCC CKD Missing fisher man കടലിൽ കാണാതായ ഗിൽബർട്ടിനെ കാത്തിരിക്കുന്ന ബന്ധുക്കളും മകൻ വിൽഫ്രഡും (വലത്തേയറ്റം )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.