നിർമാണത്തിലിരിക്കുന്ന വീടിൻെറ ഭാഗത്തേക്കാണ് ഓട്ടോ നിലംപതിച്ചത് മഞ്ചേരി: ആനക്കയം ചേപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെയും നാട്ടുകാരൻ കൂടിയായ ഓട്ടോറിക്ഷ ഡ്രൈവറുടെയും മരണം നാടിനെ സങ്കടക്കടലിലാഴ്ത്തി. അപ്രതീക്ഷിതമായി നാലുപേരുടെ വിയോഗത്തിന് സാക്ഷിയാകേണ്ടി വന്ന നാട്ടുകാരുടെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) എന്നിവരാണ് മരിച്ചത്. ഖൈറുന്നീസയുടെയും ഉസ്മാൻെറയും സഹോദരൻ അസീസിൻെറ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഇതിനോടനുബന്ധിച്ചുള്ള സൽക്കാരത്തിനായി അസീസിൻെറ ഭാര്യവീടായ വെള്ളിലയിലേക്ക് പോകും വഴിയാണ് നാല് പേരെ മരണം തട്ടിയെടുത്തത്. സന്തോഷ നിമിഷം പൊടുന്നനെ ദുരന്തമുഖമായി. ചേപ്പൂരിൽ നിന്ന് സൽക്കാരം നടക്കുന്ന വീട്ടിലേക്കുള്ള എളുപ്പ വഴിയാണ് അപകടം സംഭവിച്ച റോഡ്. എന്നാൽ, ഇത് മരണത്തിലേക്കുള്ള വഴിയായി മാറി. നിർമാണത്തിലിരിക്കുന്ന വീടിൻെറ ഭാഗത്തേക്കാണ് ഓട്ടോ നിലംപതിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയിലുള്ളവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറെയും പരിക്കേറ്റ നാല് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈകീട്ടോടെ ഹസ്സൻകുട്ടിയും മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.