പൊന്നാനി: കടൽക്ഷോഭം രൂക്ഷമായ പൊന്നാനി താലൂക്കിന് അനുവദിച്ച 10.46 കോടി രൂപയുടെ കടൽഭിത്തി നിർമാണം ഈ മാസം അവസാനം ആരംഭിക്കാൻ തീരുമാനം. 2021 ഒക്ടോബറില്‍ ഭരണാനുമതിയായ 10 കോടിയുടെ നിർമാണത്തിനാണ് രണ്ടുവര്‍ഷത്തിനിപ്പുറം 25.38 ശതമാനം അധികതുകയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. കാസര്‍കോട് കേന്ദ്രമായ നിർമാണ കമ്പനിക്കാണ് കരാര്‍. ഈ മാസം 30ന് മുമ്പ് നിർമാണം ആരംഭിക്കുമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ടെൻഡറില്‍ 25 ശതമാനം അധികതുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതിക്ക് നിരന്തര ഇടപെടലിന്റെയും സമ്മർദങ്ങളുടെയും അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലുമായി 1084 മീറ്റര്‍ കടല്‍ഭിത്തിയാണ് നിർമിക്കുക.
പൊന്നാനി നഗരസഭയില്‍ അലിയാര് പള്ളി മുതല്‍ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയില്‍ 234 മീറ്ററും പാലപ്പെട്ടിയില്‍ 250 മീറ്ററും നിർമിക്കും. മഴ ശക്തമാകുന്നതോടെ കടലാക്രമണം രൂക്ഷമാകുന്ന പൊന്നാനി തീരദേശ മേഖലയിലുള്ളവര്‍ക്ക് ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
ഒരേസമയം, ആയിരത്തിലേറെ മീറ്റര്‍ കടല്‍ഭിത്തി നിർമിക്കുന്നത് ആദ്യമാണ്. ഇത്രയും അധിക തുകക്കുള്ള ടെൻഡറിന് സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ അപൂർവമാണ്. അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തി എന്ന നിലയിലാണ് അധിക തുക അനുവദിച്ച് അനുമതി നല്‍കിയത്. കഴിഞ്ഞ കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും വലിയ നാശമാണ് തീരമേഖലയിലുണ്ടായത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.
സമയബന്ധിതമായി നിർമാണം പൂര്‍ത്തീകരിക്കാൻ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. ചെല്ലാനം മോഡല്‍ ടെട്രാപോഡുകള്‍ തീരത്ത് സ്ഥാപിക്കുന്നത് സര്‍ക്കാർ പരിഗണനയിലാണെന്നും എം.എല്‍.എ പറഞ്ഞു.
പൊന്നാനി: പൊന്നാനി -തൃശൂര്‍ കോള്‍മേഖലയുടെ വികസനത്തിന് 20.5 കോടി രൂപ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ അറിയിച്ചു. നാല് മണ്ഡലങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ പൊന്നാനി മണ്ഡലത്തിലെ കോള്‍മേഖലക്ക് 11.35 കോടി നീക്കിവെച്ചിട്ടുണ്ട്.
റീ ബില്‍ഡ് കേരളയുടെ ഭാഗമായി കുറച്ച് തുകകൂടി അനുവദിക്കും. പൊന്നാനി കോള്‍മേഖലയുടെ വികസനത്തിന് പ്രത്യേക ഇടപെടലാണ് നടത്തുന്നത്. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച മോണിറ്ററിങ് യോഗങ്ങള്‍ ചേരുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് അടിയന്തര ഇടപെടലാണ് നടത്തുന്നത്. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി സിവില്‍സ്റ്റേഷനിലെ അനക്സ് നിർമാണത്തിന് ഭരണാനുമതിയായതായും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.