പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കിഴക്കേമുക്ക് കരിവെട്ടിയിൽ ചെങ്കുത്തായ മലമടക്കിൽ വീടുവെച്ച കുടുംബങ്ങൾക്ക് സുരക്ഷ സംവിധാനമൊരുക്കാതെ പഞ്ചായത്ത്. കഴിഞ്ഞ കാലവർഷത്തിനിടെ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിൽ ഭീഷണിയും ഉയർന്നതോടെ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അന്നു നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ല. 2019ൽ മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ഇവിടെ 14 കുടുംബങ്ങൾക്ക് കുത്തനെയുള്ള ഭാഗത്ത് ലൈഫിന് ഭൂമി അനുവദിച്ചത്. സെന്ററിന് 75,000 രൂപ ചെലവു വന്നു. നിർവഹണ ഉദ്യോഗസ്ഥരിൽ ചിലർ തന്നെ ഇടനിലക്കാരായാണ് ഭൂമി കണ്ടെത്തിയതെന്നായിരുന്നു പരാതി. കുത്തനെ നിൽക്കുന്ന സ്ഥലത്ത് വീടുകൾക്കും മൺഭിത്തികൾക്കും ഇടയിൽ വേണ്ടത്ര സ്ഥലമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതിൽ കുറ്റക്കാരാണെന്നും 2022 ആഗസ്റ്റിൽ നടന്ന പഞ്ചായത്ത് ഭരണസമിതി വിലിയിരുത്തിയിരുന്നു.
വീടുകൾ പൂർത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചിൽ വന്നതോടെ മാറ്റിപ്പാർപ്പിച്ചിരുന്നു. തഹസിൽദാർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടാവസ്ഥ ബോധ്യപ്പെട്ടത്. മണ്ണിടിച്ചിലിനും അപകടങ്ങൾക്കും കാരണമാവുമെന്നതിനാൽ ജിയോളജി, മണ്ണ്പരിശോധന വിഭാഗം എന്നിവരെ കൊണ്ടുവന്ന് സ്ഥലം പരിശോധിക്കുമെന്ന് തഹസിൽദാറും അറിയിച്ചിരുന്നു. ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കാൻ പഞ്ചായത്ത് ഭരണസമിതി സംയുക്തമായി വിജിലൻസിൽ പരാതി നൽകാനും തീരുമാനിച്ചു. എന്നാൽ, ഇതൊന്നും നടന്നില്ല. 23 അംഗ ഭരണസമിതിയിൽ വേണ്ടത്ര ചർച്ചകളോ പരിശോധനകളോ നടത്താത്തതിനാലും നിർവഹണ ഉദ്യോഗസ്ഥനെ മാത്രം കാര്യങ്ങൾ ഏൽപ്പിച്ചതിനാലുമാണ് ഈ സ്ഥിതി വന്നതെന്നായിരുന്നു ഉയർന്ന പരാതി. അതേസമയം, മണ്ണിടിച്ചിലിനും മഴവെള്ളപ്പാച്ചിലിനും ഇപ്പോഴും പരിഹാരമായിട്ടില്ല.
അങ്ങടിപ്പുറം: കരുവെട്ടിയിലെ 14 വീടുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രളയകാലത്ത് കുടുംബങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് വാർഡ് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. കരുവെട്ടി മലയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നും വീടുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ധർണ പഞ്ചായത്ത് അംഗം കെ.ടി. നാരായണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം അനിൽ പുലിപ്ര അധ്യക്ഷത വഹിച്ചു. കെ.വി. ദാസ്, സേവ്യർ ഇയ്യാലിൽ, ആൻറണി ഇടനാട്, ഏലിയാമ്മ ടീച്ചർ, സൽമാൻ ഫാരിസ്, സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.