മലപ്പുറം: ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് ഏഴ് ലക്ഷത്തിലധികം കുട്ടികൾക്കാണ്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടി പൊതുവിദ്യാഭ്യാസം ആരംഭിക്കുന്നത് 54,426 പേരാണ്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ആകെ വിദ്യാർഥികളുടെ എണ്ണം 6,91,411 ആയിരുന്നു.
പ്രവേശന നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഏഴ് ലക്ഷം കടന്നിട്ടുണ്ട്. ക്ലാസ് തുടങ്ങി അടുത്ത ദിവസങ്ങളിലേ പുതിയ കണക്ക് ലഭ്യമാവൂ. ഒന്നാം തരത്തിലേക്ക് 70,000 പേർ എത്തുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിെൻറ കണക്കുകൂട്ടല്‍. മലപ്പുറം, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി തലം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള 1,467 വിദ്യാലയങ്ങളിലും വെര്‍ച്വല്‍ പ്രവേശനോത്സവം നടക്കും.
ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഒരുമിച്ചിരുന്നു പഠിക്കുന്ന വനമേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഗ്രേഡ് ലേണിങ് സിസ്റ്റത്തിലുള്ള 45 വിദ്യാലയങ്ങളിലും പ്രീ പ്രൈമറി ക്ലാസുകളിലും ഇതോടൊപ്പം തന്നെ പ്രവേശനോത്സവം നടക്കും. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും വീടുകളില്‍ രക്ഷിതാക്കള്‍ക്കൊപ്പം മധുരം പങ്കിടലുമുണ്ടാവും.
ടി.വി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇൻറർനെറ്റ് സൗകര്യമില്ലാത്ത 10,303 കുട്ടികൾ ജില്ലയിലുണ്ടെന്നാണ് സമഗ്ര ശിക്ഷ കേരളയുടെ കണക്ക്. കഴിഞ്ഞവർഷം ഇത് 64,403 ആയിരുന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ സഹായത്തോയാണ് പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്തത്. പഠനം തുടങ്ങുന്നതോടെ ക്ലാസുകൾ കാണാൻ കഴിയാത്തവരുടെ വിവരശേഖരണം എസ്.എസ്.കെ നടത്തുന്നുണ്ട്.
ബി.ആർ.സികൾക്ക് പ്രതിഭാകേന്ദ്രങ്ങൾ വഴിയോ ആദിവാസി വിദ്യാർഥികൾക്ക് ഊരു വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയോ ക്ലാസ് നൽകാനാണ് ആലോചന. ഉന്നതതല യോഗം ചേർന്ന്, സൗകര്യമില്ലാത്ത കുട്ടികളെയും പഠിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തേടും. ക്ലബുകൾ, വായനശാലകൾ ഉൾപ്പെടെയുള്ളവ പൊതുപഠന കേന്ദ്രങ്ങളാക്കി ഈ ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ വീടുകളിൽ സൗകര്യമില്ലാത്തവര്‍ക്കായി 63 പൊതു പഠനകേന്ദ്രങ്ങളൊരുക്കിയിരുന്നു.
ലോക്ഡൗണ്‍ പരിമിതികള്‍ക്കിടയിലും ജില്ലയില്‍ 81 ശതമാനം പാഠപുസ്തക വിതരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യൂനിഫോമും തയാറാണ്. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിൽ 48,88,551 പുസ്തകങ്ങളാണ് ആവശ്യം. ഇതില്‍ 39,15,333 പുസ്തകങ്ങള്‍ വിദ്യാർഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ മുഖേന സ്കൂളുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അടുത്തദിവസംതന്നെ എത്തിക്കുമെന്നും യൂനിഫോം വിതരണവും ഉടൻ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം അറിയിച്ചു.
നവാഗതർക്ക് കിറ്റുകളും മധുരവും വീടുകളിൽ എത്തിച്ചു
വള്ളിക്കുന്ന്: പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ ചേർന്ന നവാഗതർക്ക് പഠനോപകരണ കിറ്റുകളും മധുരവും വീടുകളിൽ എത്തിച്ചുനൽകി തേഞ്ഞിപ്പലം എ.യു.പി സ്കൂൾ. അധ്യാപകൻ ശശിഭൂഷണിെൻറ നേതൃത്വത്തിലാണ് പ്രവേശനോത്സവ ഭാഗമായി ഒന്നാം ക്ലാസിൽ ചേർന്ന 75 വിദ്യാർഥികൾക്ക് കിറ്റുകൾ എത്തിച്ചത്. സ്ലേറ്റ്, നോട്ട് പുസ്തകം, പെൻസിൽ എന്നിവയും അധ്യാപകർ നിർമിച്ച കളിപ്പാട്ടവും മധുരവും കിറ്റിലുണ്ട്. രാവിലെ അധ്യാപകർ ഇവ പേപ്പർ ബാഗുകളിലാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു.
വളാഞ്ചേരി: പൊതു വിജ്ഞാനം, പഠന ഭാഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസ് മത്സരത്തിെൻറ അടിസ്ഥാനത്തിൽ മികച്ച കുട്ടികളെ കെണ്ടത്തി സ്കോളർഷിപ് നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ഓൺലൈൻ പ്രവശനോത്സവത്തിൽ നടത്തും. സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്നാണ് മികച്ച കുട്ടികൾക്ക് സ്കോളർഷിപ് നൽകുക.
കമ്പ്യൂട്ടർ പഠനത്തിൽ മികച്ച കുട്ടികളെ വാർത്തെടുക്കാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സിെൻറ നേതൃത്വത്തിൽ വി.എച്ച്.എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി, മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിെൻറ ഭാഗമായി ജനറൽ ഫിറ്റ്നസ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് തുടങ്ങിയ നൂതന പദ്ധതികളുടെ പ്രഖ്യാപനവുമുണ്ടാവും.
നിലമ്പൂർ: ഏഴു കുട്ടികൾക്ക് ഹൈടെക് സംവിധാനം ഒരുക്കിയിരിക്കുകയാണ് ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം ഗവ. എൽ.പി സ്കൂൾ. 22 വർഷം പൂർത്തിയാക്കിയ ഇവിടെ ഈ അധ്യയന വർഷം ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിൽ ഇത്രയും വിദ്യാർഥികളേയുള്ളൂ. മുൻ വർഷത്തേക്കാൾ ഇത്തവണ രണ്ട് കുട്ടികൾ കൂടുതലാണ്.
ഒന്നാം ക്ലാസിലേക്ക് രണ്ട് പേർ എത്തിയതോടെയാണ് എണ്ണം ഏഴായത്. രണ്ടും നാലും ക്ലാസുകളിൽ രണ്ട് വീതവും മൂന്നാം ക്ലാസിൽ ഒരു കുട്ടിയുമാണുള്ളത്. സ്കൂളിലെ ഏക അധ്യാപകനും പ്രധാനാധ്യാപകനും യു.പി. മുഹമ്മദ് ശരീഫാണ്. 2018-19ൽ ഒരു കുട്ടി മാത്രമാണുണ്ടായിരുന്നത്. ആവശ്യത്തിന് ക്ലാസ് മുറികൾ, ഓഫിസ് റൂം, ബാത്ത് റൂം ഉൾപ്പെടെ സംവിധാനങ്ങളുമുള്ള സ്കൂളിൽ 120ഓളം കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. പ്രധാനാധ്യാപകന് പുറമെ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ കൂടി ഈ അധ്യയന വർഷം നിയമിക്കും.
തിരൂരങ്ങാടി: കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനാൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. ഇത് വരെ ഒന്നാം ക്ലാസിൽ ചേർന്നത് 12 പേരാണ്. അടച്ച്പൂട്ടുന്ന ബദൽ സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളിെൻറ പേരും വന്നിരുന്നു. ഇതോടെ സ്കൂൾ തുടരുമോ എന്ന ആശങ്കയിൽ പലരും മറ്റു ഇടങ്ങൾ തേടി പോയി. എൽ.കെ.ജി മുതൽ നാല് വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. 2011-16ലെ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് എൽ.പി സ്കൂളായി പ്രഖാപിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്താണ് കാളം തിരുത്തി. ഇവിടത്തെ ഏക വിദ്യാലയവും കൂടിയാണിത്. സ്വന്തമായി കെട്ടിടവും സ്ഥലവും ഉണ്ടായിട്ടും അടച്ചുപൂട്ടൽ പട്ടികയിൽ ഈ സ്കൂളും വന്നതിൽ വൻപ്രതിഷേധമാണ് നാട്ടുകാരിൽനിന്ന് ഉയർന്നത്. ഇവിടെ 70 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നുണ്ട്. മറ്റു സ്കൂളുകൾ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഇല്ലതാനും. അടച്ച് പൂട്ടില്ലെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.